തൊടുപുഴ: പ്രകടന പത്രികയിൽ പറയാത്ത കാര്യങ്ങൾ വരെ നടപ്പിലാക്കിയ സർക്കാരാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. കേരളപര്യടനത്തിന്റെ ഭാഗമായ ജില്ലാ സാമൂഹിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യം. വിവിധ തുറകളിലുള്ളവരുമായി ചർച്ച നടത്തിയാണ് 2016ൽ ഇടതുപക്ഷം പ്രകടന പത്രിക പുറത്തിറക്കിയത്. പത്രികയിൽ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ 570ഉം സർക്കാർ പൂർത്തീകരിച്ചു. നാല് വർഷം കൊണ്ട് മുഴുവൻ വാഗ്ദാനങ്ങളും പാലിക്കണമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ഓഖിയും പ്രളയും കൊവിഡും പ്രതിസന്ധിയായി നിന്നതിനാലാണ് കുറച്ചെണ്ണം പൂർത്തിയാക്കാൻ കഴിയാതിരുന്നത്. അതും പൂർത്തിയാക്കും. ഭരണ കാര്യങ്ങൾ ജനങ്ങൾക്ക് സുതാര്യമായി മനസിലാക്കുന്നതിന് എല്ലാ വർഷം പ്രോഗസ് റിപ്പോർട്ട് പുറത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.എം. മണി അദ്ധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറ്റമ്പതോളം ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ജില്ലയുടെ വികസന കാഴ്ചപ്പാടുകൾ മുഖ്യമന്ത്രിയെ അറിയിച്ചു.