മുട്ടം: വേനൽ ശക്തമായതിനെ തുടർന്ന് മുട്ടം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. മലങ്കര അണക്കെട്ടിന്റെ ഭാഗമായ മാത്തപ്പാറ ഭാഗത്ത് സ്ഥാപിച്ച പമ്പ് ഹൗസിലെ രണ്ട് മോട്ടോറുകളും കാലപ്പഴക്കത്താൽ പ്രവർത്തന രഹിതമാകുന്നതാണ് കുടിവെള്ളം കിട്ടാത്തതിന് പ്രധാനകാരണം. 90 എച്ച്.പി, 70 എച്ച്.പി എന്നിങ്ങനെ രണ്ട് മോട്ടോറുകൾ പമ്പ് ഹൗസിലുണ്ടെങ്കിലും 90 എച്ച്.പി. മോട്ടോർ പ്രവർത്തന രഹിതമായിട്ട് ഏറെ വർഷങ്ങളായി. 70 എച്ച്.പി മോട്ടോറിന്റെ സ്വിച്ച് ഒരു വർഷത്തിലേറെക്കാലമായി പതിവായി പ്രവത്തനരഹിതമാകും. ഈ സ്വിച്ച് മാറ്റി സ്ഥാപിച്ച് നിരവധി സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുള്ള മുട്ടം പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.
ജനങ്ങൾ പമ്പ് ഹൗസ് ഉപരോധിച്ചു
പഞ്ചായത്തിൽ മാത്തപ്പാറ ഐ.എച്ച്.ഡി.പി കോളനിയിൽ കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ സംഘടിച്ച് പമ്പ് ഹൗസ് ഉപരോധിച്ചു. മലങ്കര അണക്കെട്ടിനോട് ചേർന്നുള്ള ഐ.എച്ച്.ഡിപി കോളനി പ്രദേശത്ത് നൂറിൽപ്പരം കുടുബങ്ങളാണ് വസിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുടിവെള്ളം എത്തുമ്പോഴും അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശമായ ഐ.എച്ച്.ഡി.പി പ്രദേശത്ത് കുടിവെള്ളം എത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പമ്പ് ഹൗസ് ഉപരോധിച്ചത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു ഉപരോധം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സൗമ്യ സാജിബിൻ, സമര സമിതി ചെയർമാൻ ഷബീർ എം.എ എന്നിവർ സംസാരിച്ചു. മുട്ടം എസ്.ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ ചർച്ചയെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.