പാർട്ടി സീറ്റ് തന്നാൽ പീരുമേട് മത്സരിക്കും
തൊടുപുഴ: ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനും ഗ്രൂപ്പ് രാഷ്ട്രീയത്തിനുമെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സി.പി. മാത്യു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലെത്തിയപ്പോൾ അന്യായമായി പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.പി.സി.സി അംഗമായ സി.പി. മാത്യു പാർട്ടിക്കെതിരെ തുറന്നടിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തോൽവി നേതൃത്വത്തിന്റെ വീഴ്ച മൂലമാണ്. ഓരോ ഗോത്രങ്ങളായി തിരഞ്ഞാണ് ജില്ലയിലെ കോൺഗ്രസിന്റെ പ്രവർത്തനം. നാല് കാര്യങ്ങൾകൊണ്ടാണ് ഇടുക്കിയിൽ പാർട്ടി തോൽക്കാൻ കാരണം. ഒന്ന് ഒരു ഘടകകക്ഷിയുടെ കടുംപിടുത്തം. രണ്ട് ജോസ് കെ. മാണി വിഭാഗം മുന്നണിവിട്ട് പോയത്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിറുത്താതെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ വീതംവയ്പ്പ് നടത്തിയതാണ് മൂന്നാമത്തേത്. അർഹരായവർക്ക് പാർട്ടിയിൽ സ്ഥാനമാനങ്ങൾ കിട്ടാതായതോടെ ഇവർ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് മാറി നിന്നതും തിരിച്ചടിയായി. തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനു പിന്നിൽ ചില ഗ്രൂപ്പ് വീതംവയ്ക്കലാണ്. അഡ്ജസ്റ്റ്‌മെന്റും കോമ്പ്രമൈസും മാത്രമായി നേതൃത്വം മാറിയതാണ് തിരിച്ചടികൾക്ക് കാരണം. ജോയ്‌സ് ജോർജിനെ ജയിപ്പിക്കാൻ നടന്ന ചിലരാണ് പാർട്ടിയിലെ പരാജയത്തിന് പിന്നിൽ. താൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. സോണിയാഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഒപ്പമാണ് താൻ. പാർട്ടി സീറ്റ് തന്നാൽ പീരുമേട്ടിൽ മൽസരിക്കും. പാർട്ടി ഇത്തവണ സീറ്റ് തരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിലും പാർട്ടിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.