ചെറുതോണി: മരിയാപുരം പഞ്ചായത്തിലെ ഏക ദേശസാത്കൃത ബാങ്കായ ഉപ്പുതോട് യൂണിയൻ ബാങ്കിലെ എ.ടി.എം കൗണ്ടർ സ്ഥിരമായി പ്രവർത്തന രഹിതമാണെന്ന് പരാതി. ഉപ്പുതോട് ‌വില്ലേജ് പിരിധിയിൽപ്പെടുന്ന മരിയാപുരം പഞ്ചായത്തിലെ ആറ്‌ വാർഡുകളും, കാമാക്ഷി, വാത്തിക്കുടി പഞ്ചായത്തുകളിലെ ആറ്‌ വാർഡുകളും ഉൾപ്പെടുന്ന ബാങ്കിന്റെ പ്രവർത്തന പരിധിയിൽ ആയിരക്കണക്കിന് ജനങ്ങളാണുള്ളത്. നിരവധി പേർ പണമിടപാടുകൾക്ക് ആശ്രയിക്കുന്ന ഏക എ.ടി.എം കൗണ്ടറാണ് പ്രവർത്തനം നിലച്ചിരിക്കുന്നത്. ഗുണഭോക്താക്കളും ജനപ്രതിനിധികളും നിരവധി തവണ പരാതിപ്പെട്ടെങ്കിലും നന്നാക്കിയിട്ടില്ല. അത്യാവശ്യസന്ദർഭങ്ങളിൽ പണമിടപാടുകാർക്ക് 10 കിലോമീറ്റർ യാത്ര ചെയ്ത് മുരിക്കാശേരി, തോപ്രാംകുടി, കരിമ്പൻ എന്നിവിടങ്ങളിൽ ചെന്ന് എ.ടി.എം ഉപയോഗിക്കേണ്ട സ്ഥിതിയാണ്. കർഷകരും കർഷകതൊഴിലാളികളും ക്ഷീരോത്പാദകരും തൊഴിലുറപ്പ് ‌തൊഴിലാളികളും ധാരാളമുള്ള ഈ പ്രദേശത്തെ ജനങ്ങളും ഉപ്പുതോട് വില്ലേജ് ആഫീസ്, മാവേലി സ്റ്റോർ, ആയുർവേദ ആശുപത്രി, ഹെൽത്ത് ‌സെന്റർ, ഗവ. യു.പി സ്‌കൂൾ, സെന്റ് ജോസഫ്‌സ് ‌ഹൈസ്‌കൂൾ, പോസ്റ്റ് ആഫീസ്, അംഗൻവാടികൾ എന്നിവിടങ്ങളിലെ ജീവനക്കാരും വ്യാപാരികളുമെല്ലാം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. എ.ടി.എം കൗണ്ടർ സ്ഥിരമായി പ്രവർത്തിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ സർവകക്ഷിയോഗം ചേർന്ന്‌ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് പ്രദേശവാസികളറിയിച്ചു.