mani
മന്ത്രി എം എം മണി ദേശീയ പതാക ഉയർത്തുന്നു

ഇടുക്കി: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിച്ചു ഭരണഘടനയോടുള്ള ആദരവ് ഏവരും പ്രകടിപ്പിക്കണമെന്ന് മന്ത്രി എം.എം. മണി. ജില്ലാ സായുധസേന ആസ്ഥാന മൈതാനത്തിൽ 72-ാമത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിനായി ഏവരും പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് രാജ്യം കരകയറുന്ന സമയം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. സെറിമോണിയൽ പരേഡ് ചടങ്ങുകൾ രാവിലെ 8.40ന് ആരംഭിച്ചു. മുഖ്യാതിഥിയായ മന്ത്രിയെ പൂക്കൾ നൽകി ജില്ലാ കളക്ടർ എച്ച്. ദിനേശനും ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമിയും സ്വീകരിച്ചു. ഒമ്പതിന് മന്ത്രി എം.എം. മണി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചതിനു ശേഷം പരേഡ് കമാൻഡറോടൊപ്പം പരേഡ് പരിശോധിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു ലളിതമായ ചടങ്ങുകളാണ് നടന്നത്. പരേഡ് കമാൻഡർ കെ.വി. ഡെന്നിയുടെ നേതൃത്വത്തിൽ മൂന്ന് പ്ലേറ്റീണുകളും ഒരു പൊലീസ് ബാന്റുമാണ് പരേഡിൽ അണിനിരന്നത് . ആർ.എസ്‌.ഐ സുനിൽ പി.എം നയിച്ച ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ടീം, ഡബ്ല്യു.എസ്‌.ഐ പുഷ്പ നയിച്ച ലോക്കൽ പൊലീസ് വുമൺ, എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ബി. ബിനുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീം എന്നിവരും എസ്‌.ഐമരായ സുനിൽ വി, മത്തായി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ബാൻഡ് പരേഡിന് താളലയമൊരുക്കി.
ചടങ്ങിൽ മാതൃകപരമായ സേവനങ്ങൾക്ക് ഗുഡ് സർവീസ് സർട്ടിഫിക്കറ്റും മെമെന്റോയും കട്ടപ്പന വില്ലേജ് ആഫീസർ ജെയ്‌സൺ ജോർജിന് മന്ത്രി കൈമാറി. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി സത്യൻ തുടങ്ങിയവർ പങ്കെടുത്തു.