ഇടുക്കി: ഇടുക്കിയിൽ രണ്ടാം ജലവൈദ്യുതി നിലയത്തിനായി കേന്ദ്ര ഏജൻസിയുടെ പരിശോധനകൾ നടക്കുകയാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയിൽ നിർമ്മിച്ച അത്യാധുനിക നിലവാരത്തിലുള്ള ആഫീസ് മന്ദിരം, അതിഥി മന്ദിരം (കൊലുമ്പൻ ഹൗസ്) ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ റൂം റിയൽ ടൈം ഏർലി വാണിംഗ് ഒഫ് സ്റ്റക്ച്ചറൽ ഹെൽത്ത് മോണിറ്ററിംഗ് ആന്റ് ഇന്റർപെർറ്റേഷൻ ഫോർ ഡാംസ് (രശ്മി ഫോർ ഡാംസ്) എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ചിലവാകുന്ന തുകയുടെ ഒരു ശതമാനം ചിലവാക്കിയാൽ അത്രയും വൈദ്യുതി സംരക്ഷിക്കാനാകും. അതിനാൽ വൈദ്യുതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് കെ.എസ്.ഇ.ബി എൽ.ഇ.ഡി ബൾബ് വിതരണം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ജല താപ വൈദ്യുതി ഉത്പാദന ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിനും കെ.എസ്.ഇ.ബി പ്രാധാന്യം നൽകുന്നുണ്ട്. ആയിരം മെഗാവാട്ടിന്റെ സൗരോർജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്നും മണി പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, നിമ്മി വിജയൻ, കെ.എസ്.ഇ.ബി ഡയറക്ടർ ബിബിൻ ജോസഫ്, ഡാം സേഫ്‌റ്റി ചീഫ് എൻജിനിയർ സുപ്രിയ എസ്, കെ.എസ്.ഇ.ബി ജനറേഷൻ ആന്റ് ഇലക്ട്രിക്കൽ ഡയറക്ടർ ആർ. സുകു എന്നിവർ സംസാരിച്ചു.


ഇനി എല്ലാം രശ്മി അറിഞ്ഞ്

ഇടുക്കി അണക്കെട്ടിന്റെ ദൈനംദിന പരിപാലനം ഇനി രശ്മി അറിഞ്ഞ് മാത്രം. അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ തൽസമയം നിരീക്ഷണം നടത്തി ഫലങ്ങൾ കൃത്യമായി ഓരോ മണിക്കൂറിലും കൺട്രോൾ റൂമിലും പള്ളം ചീഫ് എൻജിനീയറുടെ ആഫീസിലും ലഭ്യമാക്കുന്ന സംവിധാനമാണ് രശ്മി ഫോർ ഡാംസ്. ഡാമിന്റെ ഗാലറിയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ മീറ്ററുകളിൽ നിന്നുള്ള റീഡിംഗുകൾ യഥാസമയം കൺട്രോൾ റൂമുകളിൽ ലഭിക്കും. റഡാർ വാട്ടർ ലെവൽ മുഖേന ഓരോ മണിക്കൂറിലും റിസർവോയറിലെ ജലനിരപ്പ് കൺട്രോൾ റൂമിൽ ലഭ്യമാകും. അണക്കെട്ടിന്റെ അടി നിരപ്പ് മുതൽ ജലസംഭരണിയുടെ പലവിതാനത്തിലെ താപനിലയും അറിയാം. മെഡിക്കൽ കോളേജിന് സമീപം സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി ഇടുക്കി ക്യാച്ച്‌മെന്ററിലെ മഴയുടെ അളവ്, കാറ്റിന്റെ ഗതി, താപനില മുതലായവ അപ്പപ്പോൾ ലഭിക്കും.

കൊലുമ്പൻ ഹൗസ്

ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഇൻസ്‌പെഷനും മറ്റുമായെത്തുന്ന ഉദ്യോഗസ്ഥർക്ക് താമസിക്കാൻ രണ്ട് വി.ഐ.പി സ്യൂട്ട് മുറികൾ ഉൾപ്പെടെ ഒമ്പത് മുറികളും കോൺഫറൻസ് ഹാളുമുള്ള അതിഥി മന്ദിരമാണ് നിർമ്മിച്ചിട്ടുള്ളത്. ഇടുക്കി പദ്ധതിയുടെ മാർഗദർശിയായ കൊലുമ്പന്റെ ഓർമ്മയ്ക്കായി അതിഥി മന്ദിരത്തിന് 'കൊലുമ്പൻ ഹൗസ്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. രണ്ട് നിലകളിലായി 718 ചതുരശ്രമീറ്ററിൽ നിർമ്മിച്ചിട്ടുള്ള അതിഥി മന്ദിരത്തിനും 567 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിൽ പണിതീർത്ത ആഫീസ് മന്ദിരത്തിനും കൂടി 3.54 കോടി രൂപയാണ് ചെലവ്.