ഇടുക്കി: സർക്കാർ ഓഫീസുകൾ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിജയിച്ച ആഫീസുകളുടെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് കൈമാറി നിർവഹിച്ചു. ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ജില്ലാ ആയുർവേദ ആശുപത്രിയ്ക്കാണ്. 100ൽ 93 മാർക്ക് കരസ്ഥമാക്കിയതിന്റെ സർട്ടിഫിക്കറ്റ് ഡോക്ടർ ക്രിസ്റ്റി ഏറ്റു വാങ്ങി. എ ഗ്രേഡ് ലഭിച്ച ജില്ലാ ഇൻഫർമേഷൻ ആഫീസിനു വേണ്ടി അസി. എഡിറ്റർ എൻ.ബി. ബിജുവും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഹരിതചട്ടം പാലിക്കുന്ന ആഫീസിനു നൽകുന്ന സാക്ഷ്യപത്ര സമർപ്പണത്തിന് ശേഷം ശുചിത്വ മിഷൻ കോർഡിനേറ്റർ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹരിതചട്ട പാലനത്തിന്റെ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലാണ് ആഫീസുകളെ ഗ്രീൻ പ്രോട്ടോക്കോൾ ആഫീസുകളായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഹരിതകേരളം മിഷൻ ജില്ലാ ടീം 132 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. കൂടാതെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഘടക സ്ഥാപനങ്ങളായ 492 ഇടത്തും പരിശോധന നടത്തി. ജില്ലയിലെ 624 ആഫീസുകൾക്ക് ഹരിത സർട്ടിഫിക്കറ്റ് ലഭിച്ചു. 35 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മസേനയ്ക്കുള്ള ചെക്കും പരിപാടിയിൽ നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി. മധു തുടങ്ങിയവർ പങ്കെടുത്തു.