ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൊലീസ് ട്രെയിനിംഗ് അക്കാഡമിയുടെ സഹകരണത്തോടെ പെൺകുട്ടികൾക്കായി സൈബർ ക്രൈംസ് ബോധവത്കരണ സെമിനാർ ജില്ലാ ജഡ്ജി ദിനേശ് എം. പിള്ള ഉദ്ഘാടനം ചെയ്തു. കൗമാരപ്രായക്കാരുമായി ബന്ധപ്പെട്ട് സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലായിരുന്നു സംസ്ഥാന തലത്തിൽ ഓൺലൈൻ ബോധവത്കരണ പരിപാടി നടത്തിയത്. സൈബർ ലോകത്തെ ചതിക്കുഴികളെ കരുതിയിരിക്കണമെന്നും ഇത്തരം പ്രശ്‌നങ്ങൾക്കിരയായാൽ വീട്ടുകാരോടും ബന്ധപ്പെട്ട അധികൃതരോടും തുറന്ന് പറയാനും നിയമ നടപടി സ്വീകരിക്കുന്നതിനും മടിക്കരുതെന്നും ജില്ലാ ജഡ്ജി പറഞ്ഞു. ജില്ലാ യൂത്ത് കോ- ഓർഡിനേറ്റർ വി. സിജിമോൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു സ്വാഗതം പറഞ്ഞ യോഗത്തിൽ തൊടുപുഴ നഗരസഭാ കൗൺസിലർ ശ്രീലക്ഷ്മി സുദീപ് മുഖ്യപ്രഭാഷണവും തൊടുപുഴ ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് ആമുഖ പ്രഭാഷണവും നടത്തി. തൊടുപുഴ ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, തൊടുപുഴ ന്യൂമാൻ കോളേജ് വനിതാ സെൽ കോ- ഓർഡിനേറ്റർമാരായ ഡോ. ജെയിൻ എ ലൂക്ക്, ഡോ. അനിത ജെ മറ്റം എന്നിവർ സംസാരിച്ചു. തൊടുപുഴ നഗരസഭ യൂത്ത് കോ- ഓർഡിനേറ്റർ ഷിജി ജെയിംസ് നന്ദി പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥിനികളായിരുന്നു തൊടുപുഴയിലെ ജില്ലാ തല സെമിനാറിൽ പങ്കെടുത്തത്. പൊലീസ് ട്രെയിനിങ് അക്കാഡമിയിൽ നിന്ന് സൈബർ രംഗത്തെ വിദഗ്ദ്ധർ നയിച്ച ക്ലാസ് ഓൺലൈനായി ജില്ലാ തല പരിപാടിക്കെത്തിയ കുട്ടികൾക്ക് കാണുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു.