തൊടുപുഴ: കേരളാ ഗവ. നഴ്‌സസ് യൂണിയൻ (കെ.ജി.എൻ.യു) 33-ാം സംസ്ഥാന സമ്മേളനം ഇന്ന് തൊടുപുഴ ചിന്നാ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ എട്ടിന് കെ.ജി.എൻ.യു സംസ്ഥാന പ്രസിഡന്റ് കെ.ഡി. മേരി പതാക ഉയർത്തുന്നതോടെ സമ്മേളനമാരംഭിയ്ക്കും. രാവിലെ 10ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മുൻ ജില്ലാ പ്രസിഡന്റ് മേരിക്കുട്ടി കുര്യൻ അനുസ്മരണ യോഗവും വിരമിച്ച നേതാക്കളെ ആദരിക്കലും നടക്കും. കെ.ജി.എൻ.യു മുൻ പ്രസിഡന്റ് അമ്പിളി ദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു ബി. അദ്ധ്യക്ഷയാകും. നഴ്‌സുമാരുടെ വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന സമ്മേളനത്തിൽ 100 പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കെ.എസ്, സംസ്ഥാന പ്രസിഡന്റ് കെ.ഡി. മേരി, ഷീന ഇ.ജി.,ഷീന ജോർജ്, ഷിജ എന്നിവർ പങ്കെടുത്തു.