ഇടുക്കി: ഹരിതകേരളവും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ഹരിത പരീക്ഷയിൽ വിജയിച്ച ജില്ലയിലെ 624 സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഗ്രീൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. സംസ്ഥാനത്തെ 10,000 ആഫീസുകളെ ഹരിത ആഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ സർക്കാർ ആഫീസുകൾക്കും ഹരിത സാക്ഷ്യപത്രം നൽകിയത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാ തല പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി. സുനിൽകുമാർ അദ്ദേഹത്തിന്റെ ആഫീസിനുള്ള ഗ്രീൻ സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പിൽ നിന്നും സ്വീകരിച്ചു. വിവിധ ജില്ലാ ആഫീസുകൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ അദ്ധ്യക്ഷയായി. ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. ജി.എസ്. മധു, ശുചിത്വമിഷൻ കോഓർഡിനേറ്റർ പി.എ. ജസീർ എന്നിവരും പൈനാവ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.