ഇടുക്കി: കട്ടപ്പന- ഇടുക്കി കവലയിലുള്ള എസ്.ബി.ഐ ശാഖയിൽ ആധാർ സർവീസ് പുനഃരാരംഭിച്ചു. ഒരു വർഷമായി നിറുത്തിവച്ചിരുന്ന ആധാർ സർവീസ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞദിവസമാണ് പുനഃരാരംഭിച്ചത്. ആധാർ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്ക് ഇനി ഈ ബ്രാഞ്ചിൽ സേവനം ലഭിക്കും. പുതിയ ആധാർ, അഞ്ച്, 15 വയസിലുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷൻ എന്നിവ സൗജന്യമാണ്. ആധാറിലെ പേര്, ജനനതീയതി, മേൽവിലാസം എന്നിവ തിരുത്തുന്നതിന് 50 രൂപയും ഫോട്ടോ മാറ്റുന്നതിനും ബയോമെട്രിക് അപ്‌ഡേഷനും 100 രൂപയുമാണ് നിരക്ക്. എസ്.ബി.ഐയിൽ അക്കൗണ്ട് ഇല്ലാത്തവർക്കും സേവനം പ്രയോജനപ്പെടുത്താം. ബാങ്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് സമയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868252260, 9744613940.