കൊച്ചി: കണ്ണൻദേവൻ ഹില്ലിൽ ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുത്ത് പെട്ടിമുടി ദുരന്തത്തിനിരയായ കുടുംബങ്ങൾക്കും ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്കും നൽകണമെന്ന ഹർജിയിൽ സർക്കാർ പത്തുദിവസത്തിനകം വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. പെട്ടിമുടിയിലെ നയമക്കാട് എസ്റ്റേറ്റിലെ ഷൺമുഖനാഥൻ ഉൾപ്പെടെ ഒമ്പതുപേർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. കണ്ണൻ ദേവൻ ഹില്ലിലെ മിച്ചഭൂമിയിൽ തോട്ടം തൊഴിലാളികളടക്കമുള്ള ഭൂരഹിതർക്ക് വീടുവെച്ചു നൽകാൻ ജസ്റ്റിസ് കൃഷ്‌ണൻനായർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2018ൽ സർക്കാർ ഉത്തരവിട്ടിരുന്നു. രണ്ടരവർഷം കഴിഞ്ഞിട്ടും ഈ ഉത്തരവു നടപ്പാക്കിയില്ലെന്നും നടപ്പാക്കിയിരുന്നെങ്കിൽ പെട്ടിമുടി ദുരന്തത്തിൽ 70 പേർ മരിക്കില്ലായിരുന്നെന്നും ഹർജിയിൽ പറയുന്നു. പെട്ടിമുടി ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് 32 കിലോമീറ്റർ അകലെ കുറ്റിയാർവാലിയിലെ മലമ്പ്രദേശത്താണ് പുനരധിവാസത്തിന് സ്ഥലം അനുവദിച്ചത്. ഇവിടെയും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. 19,000 ഏക്കർ മിച്ചഭൂമി കൈവശം വച്ചിട്ടാണ് തോട്ടം തൊഴിലാളികൾക്ക് ഒരിഞ്ചുഭൂമിപോലും കണ്ണൻദേവൻ കമ്പനിയും ടാറ്റയും നൽകാത്തതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇവിടെ 350 കുടുംബങ്ങൾക്കായി 220 ഏക്കർ ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. 15 ഏക്കറിലധികം കൈവശം വെക്കാൻ നിയമപരമായി കഴിയില്ലെന്നിരിക്കെ കേരള ഭൂ പരിഷ്കരണനിയമത്തിൽ ഇളവുനേടിയാണ് 58769 ഏക്കർ ഭൂമി കണ്ണൻദേവൻ കൈവശം വച്ചിട്ടുള്ളത്. പൊതുതാത്പര്യം സംരക്ഷിക്കാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ ഇളവു നൽകിയത് യുക്തിഹീനമായ നടപടിയാണ്. ഇളവു റദ്ദാക്കി ഭൂമി തിരിച്ചെടുക്കണം. മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വീടുവച്ചു നൽകണമെന്ന സർക്കാർ ഉത്തരവു നടപ്പാക്കണം. 1971ലെ കണ്ണൻദേവൻ ഹിൽസ് (റിസംപ്ഷൻ ഒഫ് ലാൻഡ്സ്) ആക്ട് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.