തൊടുപുഴ: ഒക്കലിൽ നിന്ന് ഇടപ്പള്ളിയിലേക്ക് ലോഡുമായി പോയ പിക്കപ്പ് വാൻ ഡ്രൈവറുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയും ഡ്രൈവിംഗ് ലൈസൻസും പിടിച്ചു വാങ്ങിയ ആലുവ പൊലീസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് അവ തിരികെ നൽകി. ഇടുക്കി വിമലാസിറ്റി സ്വദേശിയായ ഡ്രൈവറുടെ ഒറിജിനൽ രേഖകൾ 2019 ഒക്ടോബർ 30ന് ആലുവ കെ.എസ്.ആർ.ടി.സിയ്ക്ക് സമീപം വാഹനപരിശോധന നടത്തുന്നതിനിടെ ആലുവ പൊലീസ് രേഖകൾ ബലാൽക്കാരമായി വാങ്ങിയതെന്നാണ് പരാതി. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പരാതിയിൽ കേസെടുത്ത് എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്നാണ് രേഖകൾ തിരികെ നൽകിയത്. രാത്രിയിൽ മൊബൈൽഫോൺ വെളിച്ചത്തിൽ തിരിച്ചറിയൽ രേഖ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥനോട് വാഹനത്തിനുള്ളിലെ ലൈറ്റ് തെളിയിക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധം കാരണമാണ് തന്റെ ഒറിജിനൽ രേഖകൾ പിടിച്ചെടുത്തതെന്ന് പരാതിയിൽ പറയുന്നു. പിറ്റേന്ന് സ്റ്റേഷനിലെത്തി രേഖകൾ കൈപ്പറ്റാനാണ് പൊലീസ് നിർദ്ദേശിച്ചത്. പിറ്റേന്ന് സ്റ്റേഷനിലെത്തിയ പരാതിക്കാരനോട് രേഖകൾ സ്റ്റേഷനിൽ ലഭ്യമല്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. അങ്ങനെയാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.