മുട്ടം: ഹോട്ടൽ മാലിന്യത്തിന്റെ അവശിഷ്ടങ്ങൾ മുട്ടം പരപ്പാൻ തോട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തി. ഇറച്ചി, മീൻ, പൊറോട്ട, അപ്പം, ദോശ എന്നീ ഭക്ഷണാവശിഷ്ടങ്ങളാണ് ചാക്കിൽ കെട്ടി തോട്ടുങ്കര പാലത്തിന് സമീപത്ത് വെള്ളത്തിൽ തള്ളിയത്. ചൊവ്വാഴ്ച തോട്ടിൽ കുളിക്കാൻ എത്തിയവരാണ് മാലിന്യം കണ്ടത്. വേനൽ ശക്തമായതിനെ തുടർന്ന് ഏതാനും മാസങ്ങളായിട്ട് പരപ്പാൻ തോട് വറ്റി വരണ്ട് ചെറിയ നീർച്ചാല് മാത്രമായ അവസ്ഥയിലാണ്. തോട്ടുങ്കര ലക്ഷം വീട് കോളനി പ്രദേശത്തുള്ളവരും തോടിന്റെ തീരങ്ങളിൽ താമസിക്കുന്നവരും ഉൾപ്പടെ നിരവധി പേർ കുളിക്കാനും തുണിയലക്കാനും ഉപയോഗിക്കുന്ന വെള്ളത്തിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയിരിക്കുന്നത്.