march
കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും കാഞ്ഞിരമറ്റം പാലം ഭാഗത്തേക്ക് നടത്തിയ ബഹുജന മാർച്ച് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: എട്ടു കോടി രൂപ ചെലവഴിച്ച് പി.ജെ. ജോസഫ് മന്ത്രിയായിരുന്ന സമയത്ത് പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിച്ച കാഞ്ഞിരമറ്റം പാലം കൊട്ടിഘോഷിക്കപ്പെട്ട തൊടുപുഴ വികസനത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന നേർസാക്ഷ്യമാണെന്ന് കേരള കോൺഗ്രസ് (എം)​ ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണി പറഞ്ഞു. കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കാഞ്ഞിരമറ്റം പാലം ഭാഗത്തേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴ റവന്യൂ ടവർ പ്രാരംഭ പൈലിംഗ് ജോലികൾ പൂർത്തീകരിച്ച് 87 ലക്ഷം രൂപ ഖജനാവിൽ നിന്നും ചെലവഴിച്ച് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നാളിതുവരെ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. തൊടുപുഴയിലെ ജില്ലാ ആശുപത്രിയുടെ അനക്‌സ് മന്ദിരം നിർമ്മാണ സമയത്ത് ഉണ്ടായ അപാകത നിമിത്തം അഗ്നിശമനസേനയുടെ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം തൊടുപുഴയിൽ പിജെ ജോസഫ് പ്രഖ്യാപിച്ച മുനിസിപ്പൽ ഓഫീസിനു സമീപത്തുള്ള ഒരു ഫ്ലൈഓവർ, അമ്പലം റോഡിന് സമാന്തരമായി വാക്ക് വേ, ഇൻഡോർ സ്റ്റേഡിയം, തൊടുപുഴ ആറിന് കുറുകെയുള്ള കമ്പിപ്പാലം, തൊടുപുഴ വെള്ളിയാമറ്റം കാരിക്കോട് ചേലച്ചുവട് ഹൈവേ, സിവിൽ സ്റ്റേഷൻ അനക്‌സ് മന്ദിര നിർമ്മാണം, പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം, പുതിയ ബൈപാസ് റോഡുകൾ എന്നിവയെല്ലാം പ്രഖ്യാപനത്തിൽ മാത്രം ഒതുക്കി ജനങ്ങളെയാകെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ നേതൃത്വം നൽകിയ ബഹുജന മാർച്ചിൽ നൂറുകണക്കിന് കേരള കോൺഗ്രസ് (എം)​ പ്രവർത്തകർ അണിചേർന്നു. സമാപന സമ്മേളനം പാലത്തിലേക്ക് കോവണി വഴി കയറി പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ നിർവഹിച്ചു. നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, സാൻസൻ അക്കക്കാട്ട്, എ.എച്ച്. ഹഫീസ്, ജോസ് കുന്നുംപുറം, കുര്യാച്ചൻ പൊന്നാമറ്റം, റോയ്‌സൺ കുഴിഞ്ഞാലിൽ, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാഞ്ചേരി, അഡ്വ. മധു നമ്പൂതിരി, ജോജി പൊന്നും പുരയിടം, ജിബോയിച്ചൻ വടക്കൻ, ഷീൻ വർഗീസ്, ജോയി പാറത്തല തുടങ്ങി യവർ പ്രസംഗിച്ചു.