മുട്ടം: കുടയത്തൂർ പഞ്ചായത്ത് പ്രദേശത്ത് ആശങ്കപ്പെടുത്തുന്ന രീതിയിൽ കൊവിഡ് വ്യാപകമാകുന്നതിനെ തുടർന്ന് അധികൃതർ ജാഗ്രതയോടെ രംഗത്ത്. പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിൽ നിന്നും അടുത്ത നാളുകളിലായി വ്യാപകമായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകുന്നുണ്ട്. മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ നിശ്ചിത അളവിലുള്ള ആളുകൾ മാത്രമേ പങ്കെടുക്കാവൂ. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.