ഇടുക്കി: ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ ജില്ലയിൽ നാട്ടുചന്തകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. മന്ത്രി എം.എം. മണിയുടെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. സഹകരണ പ്രസ്ഥാനങ്ങളുടെയും കൃഷി വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായിട്ടാണ് ജില്ലയിൽ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ 25 ആഴ്ച ചന്തകൾ തുറക്കാൻ കഴിഞ്ഞതായി പ്രിൻസിപ്പൽ കൃഷി ആഫീസർ വി.ടി. സുലോചന അറിയിച്ചു. അടിമാലിയിൽ കഴിഞ്ഞ ഒന്നരമാസമായി ചന്ത വിജയകരമായി നടത്തിവരുന്നു. കർഷകരുടെ കാർഷികോത്പന്നങ്ങൾ സംഭരിച്ച് വിപണനം നടത്തുന്നു. സംസ്ഥാനമൊട്ടാകെ 250 ചന്തകളാണ് ആരംഭിച്ചത്. കൃഷി ഭവൻ മുഖേന വ്യക്തികൾക്കു നൽകുന്ന സബ്‌സിഡി സംരംഭങ്ങൾക്കു കൂടി നൽകണമെന്ന നിർദേശം സർക്കാരിന്റെ അംഗീകാരത്തിനു സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലയിൽ കർഷകർ വളർത്തുന്ന മീനുകളുടെ വില്പനയ്ക്ക് സംവിധാനമൊരുക്കണമെന്ന് യോഗം ഫിഷറീസ് വകുപ്പിനോടു നിർദേശിച്ചു. ജില്ലയിൽ സുഭിക്ഷ കേരളം പദ്ധതി വിപുലമാക്കണമെന്ന് മന്ത്രി എം.എം. മണി നിർദേശിച്ചു. ശുദ്ധമായ പച്ചക്കറിയും മീനും മറ്റ് കാർഷികോത്പന്നങ്ങളും ലഭ്യമാക്കുന്ന വിധത്തിലുള്ള പ്രവർത്തനമാണു വേണ്ടത്. സംഭരണത്തോടൊപ്പം വിപണനം കൂടി വിപുലവും ശക്തവുമാക്കണം. പുറത്ത നിന്നുള്ള പഴകിയ മത്സ്യം ജില്ലയിലെത്തുന്നതു തടയുന്നതിന് ഇവിടെ തന്നെ നല്ല മീൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്യണം. കമ്പോളം കേന്ദ്രീകരിച്ചുള്ള ഉത്പന്ന വിപണനമാണ് വേണ്ടതെന്നു മന്ത്രി പറഞ്ഞു. അതിനു ചെറുതും വലുതുമായ കേന്ദ്രങ്ങളിൽ വിപണനം ശക്തമാക്കണം. കാർഷികോത്പന്നങ്ങളുടെ സംഭരണ, വിപണന കാര്യങ്ങളിൽ ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കണമെന്നു റോഷി അഗസ്റ്റിൻ എം.എൽ.എ നിർദേശിച്ചു. സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന നാട്ടുചന്തകളിൽ വില്ക്കുന്ന ഉത്പന്നങ്ങൾക്കു സംബ്‌സിഡി ലഭിക്കാൻ മാർഗമുണ്ടാക്കണമെന്നു സഹകരണസംഘം പ്രതിനിധിയും കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർംഗവുമായ സി. വി. വർഗീസ് പറഞ്ഞു. യോഗത്തിൽ യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷനായിരുന്നു. റോമിയോ സെബാസ്റ്റ്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗീസ്, വി എഫ് പിസികെ ജില്ലാ മാനേജർ വി. ബിന്ദു, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ ജോസൻ, എ.ഡി.സി ജി.പി. ശ്രീജിത്, കാഡ്‌സ് പ്രതിനിധി കെ.എ. ആന്റണി എന്നിവർ പങ്കെടുത്തു.