ചെറുതോണി: വനാതിർത്തിയിൽ നിന്ന് കൃഷിഭൂമിയിലേക്ക് പടർന്ന് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി പരാതി. തിങ്കളാഴ്ച വൈകിട്ട് വാഴത്തോപ്പ് പഞ്ചായത്തിലെ രണ്ടാം വാർഡിലെ മരുതുംപാറ തണ്ടിലാണ് കൃഷി കത്തി നശിച്ചത്. കല്ലറക്കൽ മേരി, സണ്ണി കണ്ടത്തിൻകര, ബെന്നിവെള്ളക്കാട്ട് എന്നിവരുടെ കൃഷിയാണ് നശിച്ചത്. വികലാംഗയായ മേരിയുടെ കായ്ച്ചു തുടങ്ങിയ 40 കശുമാവിൻ മരങ്ങളാണ് കത്തിനശിച്ചത്. കൂടാതെ റബർ, ജാതി, കൊക്കൊ തുടങ്ങിയ കൃഷികളും കത്തിനശിച്ചു. ഫയർലൈൻ തെളിച്ച കാട്ടുതീ തടയണമെന്നാണ് നിയമം. എന്നാൽ ഇതിനു വിപരീതമായി വനത്തിന്റെ അതിർത്തിയിൽ കൃഷിഭൂമിയോട് ചേർന്ന് നഗരംപാറ റെയിഞ്ച് ആഫീസിലെ വനപാലകർ തീയിട്ടതാണെന്ന് വാർഡ് മെമ്പർ വിൻസെന്റ് വെള്ളാടി ആരോപിച്ചു. കൃഷിനശിച്ച കർഷകർക്ക് നഷ്ടപരിഹാരം കൊടുക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്നും വാർഡുമെമ്പർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാകളക്ടർ, വനംമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് വിൻസെന്റ് വെള്ളാടി പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് വനപാലകരുടെ വിശദീകരണം.