തൊടുപുഴ: കൊവിഡ് കാലത്ത് അപേക്ഷയുമായി പഞ്ചായത്ത് കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട. ഇനി ഒറ്റ ക്ലിക്കിൽ സേവനം നിങ്ങൾക്ക് അരികിലെത്തും. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പൊതുജനത്തിന് ലഭിക്കുന്ന ഇരുന്നൂറോളം സേവനങ്ങൾ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) വഴിയാണ് ഇത് സാധ്യമാകുന്നത്. അപേക്ഷകൾ, പരാതികൾ, അപ്പീലുകൾ, നിർദ്ദേശങ്ങൾ തുടങ്ങി എന്ത് സേവനവും ഇനി ആവശ്യമായ രേഖകൾ സഹിതം കമ്പ്യൂട്ടറോ മൊബൈലോ വഴി ലഭ്യമാകുന്നതാണ് പദ്ധതി. കൊവിഡ് പശ്ചാത്തലത്തിൽ പ്രായമായവർക്കടക്കം പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാം. ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) ഐ.എൽ.ജി.എം.എസ് സംവിധാനം വികസിപ്പിച്ചെടുത്ത് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിലാണ് പരീക്ഷണാർത്ഥം പദ്ധതി ആദ്യം നടപ്പിലാക്കിയത്. പിന്നീട് ഇടുക്കി ജില്ലയിൽ 11 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പടെ സംസ്ഥാനത്തെ 200 ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം ഘട്ടമായി നടപ്പിലാക്കുകയാണ്. അടുത്ത ഘട്ടങ്ങളിൽ ബ്ളോക്ക്- ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭ, കോർപ്പറേഷനുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വകുപ്പ് ജീവനക്കാർക്കുള്ള ഒാൺലൈൻ പരിശീലനം കിലയുടെ നേതൃത്വത്തിൽ പൂർത്തിയായി. ജനപ്രതിനിധികൾക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും. കൂടുതൽ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷൻ ഉൾപ്പെടെ ഒാൺലൈൻ മാപ്പിംഗ് നടത്താൻ തദ്ദേശവകുപ്പ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് സർക്കാർ ഇത്തരത്തിലുള്ള സംവിധാനം ആവിഷ്കരിച്ചത്.
സേവനം ലഭിക്കുന്ന പഞ്ചായത്തുകൾ
മുട്ടം, വെള്ളത്തൂവൽ, രാജകുമാരി, കാഞ്ചിയാർ, പാമ്പാടുമ്പാറ, മരിയാപുരം, പീരുമേട്, പുറപ്പുഴ, കുടയത്തൂർ, കോടിക്കുളം, പെരുവന്താനം
''ഐ.എൽ.ജി.എം.എസ് ഒരു സമഗ്ര സേവന പദ്ധതിയാണ്. പ്രാഥമിക പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. പദ്ധതി പൂർണമായി കഴിഞ്ഞാൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സേവനം ആവശ്യമായ ജനങ്ങൾക്ക് വലിയ പ്രയോജനകരമാകും. ഒാരോ പഞ്ചായത്തുകളും പേപ്പർ ലെസ് ആഫീസാവും.""
-കെ.വി. കുര്യാക്കോസ് (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ)
'' അടുത്ത ഘട്ടങ്ങളിൽ മറ്റ് പഞ്ചായത്തുകളിൽ നടപ്പിലാക്കും. പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഐ.എൽ.ജി.എം.എസ് ജില്ലാ കോ- ഒാർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്.""
-പി.ആർ. വേദവ്യാസൻ, ജില്ലാ കോ- ഒാർഡിനേറ്റർ, (ഇൻഫർമേഷൻ കേരള മിഷൻ)