രാജാക്കാട്: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ താത്കാലികമായി നിറുത്തി വച്ചിരുന്ന ബൈസൺവാലി- കോട്ടയം കെ.എസ്.ആർ.ടി സി ബസ് സർവ്വീസ് പുനരാരംഭിച്ചു. പുലർച്ചെ നാലിന് ബൈസൺവാലിയിൽ നിന്ന് ആരംഭിച്ച് കുഞ്ചിത്തണ്ണി, അടിമാലി,​ കോതമംഗലം,​ മൂവാറ്റുപുഴ കൂത്താട്ടുകുളം,​ ഉഴവൂ​ർ,​ കിടങ്ങൂർ, ഏറ്റുമാനൂർ മെഡിക്കൽ കോളേജ് വഴി കോട്ടയത്തെത്തി 10.20 ന് കോട്ടയത്ത് നിന്ന് തിരികെ 3.45 ന് ബൈസൺവാലിയിലെത്തുകയും 4.40 ന് ബൈസൺവാലിയിൽ നിന്ന് തിരികെ അടിമാലിയിലെത്തി 6.30 ന് വീണ്ടും ബൈസൺവാലിയിലേയ്ക്ക് പോയിരുന്ന സർവീസാണ് ഇപ്പോൾ പുനരാരംഭിച്ചിട്ടുള്ളത്. ബസ് സർവ്വീസ് നിലച്ചത് ഈ പ്രദേശത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ ചികിൽസ തേടി പോകുന്ന രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വളരെയധികം കഷ്ടത്തിലാക്കിയിരുന്നു. ഇവർ വൻ തുക ചെലവഴിച്ച് ടാക്‌സി വാഹനങ്ങളും മറ്റും വിളിച്ച് പോകേണ്ട സ്ഥിതിയിലെത്തിക്കുകയും ചെയ്തിരുന്നു. സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് 'കേരള കൗമുദി ' വാർത്ത നൽകിയിരുന്നു.