തൊടുപുഴ: കെ.എം. മാണിയുടെ 88-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത്‌ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30ന് 88 യൂത്ത് ഫ്രണ്ട് പ്രവർത്തകർ രക്തദാനം നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് സെന്ററുകളിലാണ് രക്തദാനം നടത്തുന്നത്. ജില്ലാ ആശുപത്രി ബ്ലഡ്ബാങ്കിൽ നടക്കുന്ന രക്തദാന ക്യാമ്പ് യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോതടത്തിൽ ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഐ.എം.എയിൽ നടക്കുന്ന ചടങ്ങ് പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണിയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയും, കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമലയും ഉദ്ഘാടനം ചെയ്യുമെന്ന് യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ യൂത്ത്ഫ്രണ്ട് നേതാക്കളായ ഷിജോതടത്തിൽ, ജോമി കുന്നപ്പിള്ളി, നൗഷാദ് മുക്കിൽ, റോയ്‌സൺ കുഴിഞ്ഞാലിൽ എന്നിവർ പങ്കെടുത്തു.