ഇടുക്കി: രണ്ടര ലക്ഷം ലൈഫ് ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് പാമ്പാടുംപാറ പഞ്ചായത്തുതല ഗുണഭോക്തൃ സംഗമം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സമുഹത്തിൽ പിന്തള്ളപ്പെട്ട ജനവിഭാഗങ്ങൾക്ക് കൈത്താങ്ങുകയെന്നത് സർക്കാരിനെ സംബന്ധിച്ച് പരമപ്രധാനമാണെന്നു മന്ത്രി പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ ജില്ലയിൽ 16,448 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാനം കണ്ട ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ലൈഫ് ഭവന പദ്ധതിയെന്നു റോഷി അഗസ്റ്റിൻ എം.എൽ.എ കാഞ്ചിയാർ പഞ്ചായത്തിൽ സംഘടിപ്പിച്ച ലൈഫ് ഗുണഭോക്തൃ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്ത് പറഞ്ഞു. തൊടുപുഴ നഗരസഭാ കോൺഫ്രൻസ് ഹാളിൽ നടത്തിയ പരിപാടിക്ക് ചെയർമാൻ സനീഷ് ജോർജ്ജ് നേതൃത്വം നൽകി. തൊടുപുഴ നഗരസഭയിൽ ലൈഫ് ഭവനപദ്ധതി പ്രകാരം ഇതുവരെ 700 വീടുകളുടെ നിർമ്മാണം പൂർത്തിയായി ഉടമകൾക്ക് കൈമാറി. 98 വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മുട്ടം പഞ്ചായത്തിൽ ഗുണഭോക്തൃ സംഗമവും സേവന അദാലത്തും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ബിജു ഉദ്ഘാടനം ചെയ്തു.