road
നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം മന്ത്രി എംഎം മണി നിർവഹിക്കുന്നു.

ഇടുക്കി: ജില്ലയുടെ വികസന രംഗത്ത് മികച്ച മുന്നേറ്റമാണ് സർക്കാർ കൊണ്ട് വന്നതെന്ന് മന്ത്രി എം.എം. മണി. നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വിവിധ മേഖലകളിലും ഒപ്പം ഉടുമ്പഞ്ചോല മണ്ഡലത്തിലും ചെയ്യാൻ സാധിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ടെന്നും ഇനി ചെയ്യാൻ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതും ഉടനടി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഴു ചെയിൻ പ്രദേശത്ത് പട്ടയം കൊടുക്കേണ്ട നടപടികൾ ചെയ്തിട്ടുണ്ട്. ഒപ്പം കല്ലാർകുട്ടി, പൊന്മുടി ഡാമിനോടാനുബന്ധിച്ചു പട്ടയം ലഭിക്കാനുള്ളവർക്ക് വേണ്ടിയുള്ള ഫയൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലയളവിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 276 ലക്ഷം രൂപ ഇരട്ടയാർ പഞ്ചായത്തിൽ ചിലവഴിച്ചിട്ടുണ്ട്. പരിപാടിയിൽ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൽ.ഇ.ഡി ബൾബുകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിലിന് നൽകി നിർവഹിച്ചു. ഇരട്ടയാർ ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ 1772 ഉപഭോക്താക്കൾ ഫിലമെന്റ് രഹിത കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഞ്ചായത്തിൽ 17 അംഗൻവാടി ഉപഭോക്താക്കൾക്ക് പഞ്ചായത്ത് സ്‌പോൺസർ ചെയ്യുന്ന മൂന്ന് എൽഇഡി ബൾബുകൾ വീതം നൽകി കൊണ്ടാണ് പഞ്ചായത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ സംസ്ഥാന ബഡ്ജറ്റിൽ കവിത വന്ന ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാർത്ഥി ആദിത്യ രവിയെ മന്ത്രി ആദരിച്ചു. റോഡിന്റെ പദ്ധതി റിപ്പോർട്ട് പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എൻജിനീയർ വി.പി. ജാഫർഖാൻ അവതരിപ്പിച്ചു. ഫിലമെന്റ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ബൾബ് വിതരണതിന്റെ റിപ്പോർട്ട് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ ജയശ്രീ ദിവാകരൻ അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചൻ വെള്ളക്കട, ഗ്രാമ പഞ്ചായത്ത് അംഗം ആനന്ത് സുനിൽ കുമാർ, പി.ബി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.