തൊടുപുഴ: കൊവി‌ഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒഴിഞ്ഞു കൊടുക്കാത്തതിനെ തുടർന്ന് ആഡിറ്റോറിയം ഉടമ പ്രവേശനകവാടം താഴിട്ടുപൂട്ടി വാഹനങ്ങൾ കുറുകെയിട്ടു. തുടർന്ന് 50 രോഗികളും 25 ആരോഗ്യപ്രവർത്തകരും ഒരു മണിക്കൂർ അകത്ത് കുടുങ്ങി. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാക്കാമെന്ന പൊലീസിന്റെയും നഗരസഭയുടെയും ഉറപ്പിനെ തുടർന്ന് വീണ്ടും തുറന്നു നൽകി. ഇന്നലെ ഉച്ചയോടെ മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപ്പാസിൽ വടക്കംമുറിയിലെ ഉത്രം റസിഡൻസിയിൽ ആറ് മാസമായി പ്രവർത്തിക്കുന്ന കൊവിഡ് കേന്ദ്രത്തിലാണ് നാടകീയ സംഭവങ്ങൾഅരങ്ങേറിയത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ഇവിടെ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും താമസിക്കുന്നതും ഇവിടെയാണ്. ആഡിറ്റോറിയങ്ങളിലും മറ്റും വിവാഹങ്ങൾ പുനരാരംഭിച്ച സാഹചര്യത്തിൽ രോഗികളെ ഇവിടെ നിന്ന് മാറ്റണമെന്ന് ഉടമ അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജില്ലാ കളക്ടറോടും വിവരം ധരിപ്പിച്ചു. തുടർന്ന് ന്യൂമാൻ കോളേജ് ആഡിറ്റോറിയത്തിലേക്ക് ചികിത്സാ കേന്ദ്രം മാറ്റാൻ ആരോഗ്യവകുപ്പിന്റെ അഭ്യർത്ഥന പ്രകാരം നഗരസഭ നടപടികളും ആരംഭിച്ചു. എന്നാൽ, സമയം കഴിഞ്ഞിട്ടും മാറാതെ വന്നതോടെയാണ് ഉടമയും ബന്ധുക്കളും ചേർന്ന് ഗേറ്റ് താഴിട്ട് പൂട്ടി വഴി തടഞ്ഞത്. ആരോഗ്യപ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും നഗരസഭ ചെയർമാൻ സനീഷ് ജോർജും വൈസ് ചെയർപേഴ്‌സൻ ജെസി ജോണിയും നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഗേറ്റ് വീണ്ടും തുറന്നു നൽകിയത്. ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലൊരുക്കിയ പുതിയ ചികിത്സാ കേന്ദ്രത്തിലേക്ക് രോഗികളെ ഉടൻ മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.

''ജനുവരി അഞ്ചിന് മാറ്റാമെന്നാണ് അധികൃതർ ആദ്യം ഉറപ്പ് പറഞ്ഞിരുന്നത്. പിന്നീട് പത്തുദിവസം കൂടി കളക്ടർ നീട്ടി ചോദിച്ചു. അദ്ദേഹത്തിന്റെ ഉറപ്പിൻ പ്രകാരം ഫെബ്രുവരി 10ന് ആഡിറ്റോറിയത്തിൽ വിവാഹം ബുക്കിംഗ് ഏറ്റെടുത്തിട്ടുണ്ട്. കൊവിഡ് രോഗികളെ പാർപ്പിച്ചിരുന്നതിനാൽ ചടങ്ങുകൾക്ക് നൽകും മുമ്പ് മുന്നൊരുക്കങ്ങളും അറ്റകുറ്റപണികളും നടത്തേണ്ടതുണ്ട്. ആറുമാസമായിട്ടും ഒരുരൂപ പോലും വാടക ലഭിച്ചിട്ടില്ല. പറഞ്ഞതിന് വിരുദ്ധമായി കൂടുതൽ രോഗികളെ എത്തിച്ചതിനാലാണ് താഴിട്ട് പൂട്ടേണ്ടി വന്നത്."

-സന്തോഷ്
ഉത്രം റസിഡൻസി ഉടമ

'' ചികിത്സാ കേന്ദ്രം പുതിയ സ്ഥലത്തേക്ക് ഉടൻ മാറ്റും. എല്ലാവിധ സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്. നിലവിലെ കേന്ദ്രത്തിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

-എച്ച്. ദിനേശൻ
(ജില്ലാ കളക്ടർ)