തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ ബ്ളോക്ക് കമ്മിറ്റിയുടെയും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാരിയിൽ കൃഷ്ണൻ നായരുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും വിവിധ ചാരിറ്റി പ്രവർത്തനങ്ങളും 31ന് നടക്കും. രാവിലെ 10 ന് തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് പുഷ്പാർച്ചന നടത്തും. 1991 മുതൽ നീണ്ട 26 വർഷകാലം ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എന്നീ പദവികളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വ്യാപാരികളുടെ അഖിലേന്ത്യ സംഘടനയായ ഭാരത് വ്യാപാർ ഉദ്യോഗ് മണ്ഡലിന്റെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. തൊടുപുഴ വ്യാപാര ഭവനിൽ രാവിലെ 10.30ന് അനുസ്മരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തും. അസീസി ഭവന് നൽകുന്ന ധനസഹായവും ഡയാലിസിസ് രോഗികൾ നൽകുന്ന ചികിത്സാ സഹായവും കൈമാറും. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ജില്ലാ ട്രഷറർ സണ്ണി പയ്യമ്പിള്ളിൽ, തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ. ജമാൽ മുഹമ്മദ്, സുബൈർ എസ്. മുഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ ജോസ് വഴുതനപിള്ളിൽ, തങ്കച്ചൻ കോട്ടകകത്ത്, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി, വനിതാവിംഗ് പ്രസിഡന്റ് ജോളി എന്നിവർ പങ്കെടുക്കും. തൊടുപുഴ ബ്ലോക്കിലെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബ്ളോക്ക് ജനറൽ സെക്രട്ടറി ആർ. രമേശ് അറിയിച്ചു.