തൊടുപുഴ: 70 വർഷത്തിലേറെയായി കൈവശം വച്ചിരിക്കുന്ന പട്ടയഭൂമിയിൽ നിന്ന് സാധാരണക്കാരെ കുടിയിറക്കാനുള്ള കെ.എ.പി ബറ്റാലിയൻ അധികൃതരുടെ നടപടിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ജില്ലാകളക്ടർ നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 24ന് പരിഗണിക്കും. പീരുമേട്- കുട്ടിക്കാനം ഭാഗത്ത് രാജവംശത്തിന്റെ കൈയിലിരിക്കുന്ന 400 ഏക്കർ ഭൂമി രാജകുടുംബം നേരത്തെ സർക്കാരിന് വിട്ടു കൊടുത്തിരുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. അതിൽ 273.88 ഏക്കർ പൊലീസിനും ബാക്കി വനം- റവന്യൂ വകുപ്പുകൾക്കായി സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് സർവേ കഴിഞ്ഞ് തിരിച്ചിട്ട മിച്ച ഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകാൻ സർക്കാർ പിന്നീട് തീരുമാനിച്ചു. 1960 മുതൽ ഇവിടെ ഭൂരഹിതർ താമസവും ക്യഷിയും ആരംഭിച്ചു. 2004ൽ പ്രസ്തുത ഭൂമി കെ.എ.പിക്ക് കൈമാറി. 2007ൽ ഭൂമിയിൽ നിന്ന് ആളുകളെ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നെങ്കിലും എതിർപ്പിനെ തുടർന്ന് നടന്നില്ല. അഞ്ച് മുതൽ 10 സെന്റ് മാത്രമുള്ളവരാണ് ഇവിടെ താമസിക്കുന്നത്. കെ.എ.പി ബറ്റാലിയനിൽ പുതിയ മേധാവിമാർ വരുമ്പോൾ കുടിയൊഴിപ്പിക്കൽ ഭീഷണി ഉണ്ടാകാറുണ്ടെന്നാണ് പരാതി. ഇപ്പോൾ വീണ്ടും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണ്. പട്ടയം ലഭിച്ച ഭൂഉടമകളെ വാസസ്ഥലത്ത് നിന്ന് ഇറക്കി വിടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.