തൊടുപുഴ: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ മുനിസിപ്പൽ പാർക്കിനു സമീപം നടന്നു വരുന്ന ഐക്യദാർഢ്യകേന്ദ്രം 50 ദിവസം പിന്നിട്ടു. ദിവസവും വൈകിട്ട് നാല് മുതൽ നടക്കുന്ന സമരപരിപാടികളിൽ ഇരുന്നൂറിലധികം സംസ്ഥാന ജില്ലാ നേതാക്കളെത്തി ഐക്യദാർഢ്യം രേഖപ്പെടുത്തി. എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കവികൾ, സാംസ്‌കാരിക പ്രവർത്തകർ, അഭിഭാഷകർ, വിവിധ കർഷക സംഘടനാ നേതാക്കൾ, യുവജന സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിച്ചേർന്നു. 50-ാം ദിന സമരം കർഷക പ്രതിരോധസമിതി സംസ്ഥാന കമ്മിറ്റിയംഗം പി.സി. ജോളി ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യസമിതി ജനറൽ കൺവീനർ എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായി. അഡ്വ. ഷാജി ജോസഫ്, സെബാസ്റ്റ്യൻ എബ്രാഹം, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസ്, പി.എൻ. സീതി, സ്വതന്ത്രകർഷകസംഘം ജില്ലാ പ്രസിഡന്റ് ടി.എം. ബഷീർ, കെ.എം. നിഷാദ്, കെ.എം. സാബു, സിബി സി. മാത്യു, ടി.ജെ. പീറ്റർ എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഡൽഹി കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ ടൗണിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം ഐക്യദാർഢ്യകേന്ദ്രത്തിൽ സമാപിച്ചു. 50-ാംദിനാഘോഷത്തിന്റെ ഭാഗമായി സമരപന്തലിലും പരിസരത്തും ഐക്യദാർഢ്യസമിതി പഴം വിതരണം നടത്തി. തൊമ്മൻകുത്ത് ജോയി, കൗസല്യ കൃഷ്ണൻ എന്നിവർ കവിത അവതരിപ്പിച്ചു.