രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനം അടയ്ക്കുന്നു
മൂന്നാർ: ഫെബ്രുവരി ഒന്ന് മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനന കാലം ആരംഭിച്ചതിനാലാണ് നാളെ ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയും അടയ്ക്കുന്നത്. കഴിഞ്ഞ ഏതാനം ദിവസമായി വരയാടിൻ കുട്ടികളെ രാജമലയിലെ ഉദ്യാനത്തിലും പരിസരത്തും കണ്ടെത്തിയിരുന്നു. വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദർശക സാന്നിധ്യംകൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടികൾ ഒഴുവാക്കുന്നതിനുമാണ് ഉദ്യാനം അടച്ചിടുന്നത്. പ്രജനനകാലത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ജനുവരി 20ന് അടച്ച ഉദ്യാനം കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം ഏഴ് മാസത്തിന് ശേഷം ആഗസ്റ്റ് 19 നായിരുന്നു തുറന്ന് പ്രവർത്തനമാരംഭിച്ചത്. ലോക്ക്ഡൗൺ ഇളവുകളും അവധിക്കാലവും ആരംഭിച്ചതോടെ ഡിസംബർ, ജനുവരി മാസങ്ങളിലായി ദേശീയോദ്യാനത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. ദിവസവും ശരാശരി രണ്ടായിരം സഞ്ചാരികൾ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്. ഏപ്രിൽ ആദ്യമാകും ഇനി ഉദ്യാനം സഞ്ചാരികൾക്ക് തുറന്ന് നൽകുക.
''എല്ലാ വർഷത്തെയും പോലെ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ നാളെ മുതൽ രണ്ട് മാസത്തേക്ക് ദേശീയോദ്യാനം അടയ്ക്കും. ഏപ്രിൽ ഒന്നിന് തുറക്കാനാകുമെന്നാണ് കരുതുന്നത്. അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കും "
-ആർ. ലക്ഷ്മി (മൂന്നാർ ചീഫ് വൈൽഡ്‌ലൈഡ് വാർഡൻ)
രാജമല വരയാടുകളുടെ സ്വർഗം
കേരളത്തിൽ ഏറ്റവുമധികം വരയാടുകളുള്ളത് രാജമലയിലാണ്- 723. രാജമലയിലെ 97 ചതുരശ്രമൈൽ പ്രദേശമാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശമാണിത്. വരയാടുകളുടെ സംരക്ഷണം മുൻനിർത്തി 1975ലാണ് ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. വരയാടുകൾ വംശനാശം നേരിട്ടതോടെയാണ് പ്രജനന കാലത്ത് ദേശീയോദ്യാനത്തിലേയ്ക്ക് സഞ്ചാരികളുടെ വരവ് വനംവകുപ്പ് നിയന്ത്രിച്ചത് തുടങ്ങിയത്. ഒരു സീസണിൽ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളിൽ 45 ശതമാനം മാത്രമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക. 30 വയസാണ് ഇവയുടെ ശരാശരി ആയുസ്.
വരയാടുകളുടെ വര
പാറകൾക്കു തമിഴിൽ വരൈ എന്നാണു പറയുക. കിഴുക്കാംതൂക്കായ പാറകളിലൂടെ അനായാസം ഓടിച്ചാടി നടക്കുന്നതിനാൽ ആദിവാസികൾ ഇവയെ വരൈ ആടുകൾ എന്നു വിളിച്ചു. ഇത് ലോപിച്ചാണു വരയാടായത്. നീലഗിരി താർ എന്നാണ് ഇവയുടെ ആംഗലേയ നാമം. സാധാരണ ആടുകളുടെ പ്രകൃതിയുള്ള വരയാടുകൾ മനുഷ്യരുമായി നന്നേ ഇണങ്ങുന്നവയാണ്.