ചെറുതോണി:ജില്ലയിലെ അഞ്ച് വയസിൽ താഴെയുള്ള 70811 കുട്ടികൾക്ക് നാളെ പൾസ്‌ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യും. ഇതിനായി 1039 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ അഞ്ചുവരെയാണ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് തുള്ളിമരുന്നു വിതരണം ചെയ്യുന്നത്. കോവിഡ് രോഗമുള്ളവർക്ക് വാക്‌സിൻ നൽകുകയില്ല. തുള്ളിമരുന്ന് നൽകുന്നതിന് 2219 പേരെ പരിശീലനം നൽകി നിയമിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ. എൻ. പ്രിയ പറഞ്ഞു. കണ്ടെയ്ന്റ്‌മെന്റ് സോണിലും രോഗമുള്ളവരുടെ കുടുംബത്തിലും വാക്‌സിൻ നൽകില്ല. ഒരു സെന്ററിൽ ഒരേസമയം അഞ്ചുപേരിൽ കൂടുതൽ അനുവദിക്കില്ല. ഒരു കുട്ടിയുടെ കൂടെ ഒരാളിൽ കൂടുതൽ പേരെ അനുവദിക്കില്ല. ഇത്തവണ അഞ്ചുവയസിൽ താഴെയുള്ള 70811 കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. ഇമ്മ്യൂണൈസേഷന്റെ ജില്ലാ തല ഉദ്ഘാടനം വാഴത്തോപ്പിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്നയോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, രാജി ചന്ദ്രൻ, ജോർജ്ജ് പോൾ എന്നിവർ പങ്കെടുക്കുമെന്ന് ഡോ. സുരേഷ് വർഗീസ്, ഡോ. സിബിജോർജ്ജ്, ആർ. അനിൽകുമാർ, ജോസ് അഗസ്റ്റിൻ എന്നിവരറിയിച്ചു.