ഇടുക്കി: ജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും നേരിട്ട് പരിഹാരം കാണുന്നതിനായി സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന സാന്ത്വന സ്പർശം താലൂക്ക്തല സംഗമ പരിപാടി ജില്ലയിൽ 15, 16, 18 തീയതികളിൽ നടക്കും. വൈദ്യുതി മന്ത്രി എം.എം. മണി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവർ പരാതികൾക്ക് പരിഹാരം കാണും. ചികിത്സാസഹായം, പട്ടയം, മറ്റ് ഭൂമി സംബന്ധമായ വിഷയങ്ങൾ, ലൈഫ് അപേക്ഷകൾ തുടങ്ങിയവ ഉൾപ്പെടെയുള്ളവ സംഗമത്തിൽ പരിഗണിക്കും. ഇതു സംബന്ധിച്ചുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങളിലൂടെ ഓൺലൈൻ ആയി ഫെബ്രുവരി മൂന്നു മുതൽ ഒമ്പതുവരെ പ്രവർത്തി സമയങ്ങളിൽ സമർപ്പിക്കാം. അതത് താലൂക്ക് ഓഫീസുകളിൽ ഈ സമയപരിധിക്കുള്ളിൽ നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം. 25000 രൂപവരെയുള്ള ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. എന്നാൽ രണ്ടുവർഷത്തിനുള്ളിൽ സർക്കാരിന്റെ ചികിത്സാ സഹായം ലഭിച്ചവർ അപേക്ഷിക്കാൻ പാടില്ല. റേഷൻകാർഡുകൾ എ.പി.എൽ/ബി.പി.എൽ മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികൾ, പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പരാതികളും ഒഴികെ മറ്റെല്ലാ പരാതികളും അദാലത്തിൽ പരിഗണിക്കും.