തൊടുപുഴ: മുള്ളരിങ്ങാട് കേന്ദ്രീകരിച്ച് ദേശസാത്കൃതബാങ്കും എ.ടി.എമ്മും അനുവദിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പട്ടയക്കുടി, പുളിക്കത്തൊട്ടി, വെള്ളെള്ള്, ബാലനാട്, വെള്ളക്കയം, വെള്ളിലാംതൊട്ടി, തറുതല, വലിയകണ്ടം, അമയൽതൊട്ടി, വലിയകല്ലുംചാൽ, ഊറ്റുകണ്ണി, മാമ്പാറ, പന്നിമറ്റംചാൽ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന മുള്ളരിങ്ങാട് മേഖലയിൽ 3500 ൽപ്പരം കുടുംബങ്ങൾ വസിക്കുന്നുണ്ട്. 15000 ൽ അധികം ജനങ്ങളും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല ജീവനക്കാർ, ബിസിനസ് സ്ഥാപനങ്ങൾ, വിദേശ ജോലിക്കാരും ബിസിനസുകാരും ചെറുകിടവ്യവസായ സ്ഥാപനങ്ങൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റ്, മിൽമ സൊസൈറ്റി, കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പെൻഷൻകാർ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വിവിധ ആശുപത്രികൾ എന്നിവയുള്ള പ്രദേശത്ത് എ.ടി..എം സൗകര്യം പോലുമില്ല. ജനങ്ങൾ ബാങ്കിംഗ് സേവനത്തിനായി എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ വഴി 35 കിലോമീറ്റർ യാത്ര ചെയ്ത് വണ്ണപ്പുറത്ത് എത്തേണ്ട സ്ഥിതിയാണ്. ഈ ആവശ്യമുന്നയിച്ച് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഇതു വരെ നടപടിയുണ്ടായിട്ടില്ല. സംസ്ഥാന ജില്ലാ ബാങ്കിംഗ് അവലോകന സമിതികൾക്കും പരാതി നൽകിയിരുന്നതായി നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പൗരസമിതി കൺവീനർ എം.എൻ. കൃഷ്ണൻകുട്ടി, പി.കെ. രാമചന്ദ്രൻ, മണി സാബു, സാജുകാക്കത്തോട്ടം എന്നിവർ പങ്കെടുത്തു.