തൊടുപുഴ: വ്യാപാരികളുടെ നേതാവ് മാരിയിൽ കൃഷ്ണൻ നായർ അനുസ്മരണത്തോടനുബന്ധിച്ചു തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെയും തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെയും ഒരു ദിവസത്തെ ഡയാലിസിസിനു വരുന്ന മുഴുവൻ തുകയും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ വഹിക്കും. ഇതോടനുബന്ധിച്ചു തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെത്തി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജോസഫ് സ്റ്റീഫന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ തുക കൈമാറി. ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി ഷെറീഫ് സർഗം, ഹോസ്പിറ്റൽ ജനറൽ മാനേജർ തമ്പി എരുമേലിക്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മർച്ചന്റ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങളെ ഡോ. ജോസഫ് സ്റ്റീഫൻ അഭിനന്ദിച്ചു. ഏറ്റവും കൂടുതൽ കഷ്ടതകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന വിഭാഗമാണ് ഡയാലിസിസ് രോഗികളെന്നും അസോസിയേഷന് ഇതു പോലെയുള്ള മാതൃകാ പ്രവർത്തനങ്ങൾ നടത്താൻ ഇനിയും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.