തൊടുപുഴ: ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പു നിർമ്മിക്കാൻ നടത്തിയ ദണ്ഡി യാത്രയും നീലം കൃഷി സമരത്തിനും തുല്യമാണ് കോർപ്പറേറ്റുകൾക്കെതിരായി രാജ്യത്ത് നടന്നു വരുന്ന കർഷക സമരങ്ങളെന്ന് ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷിത്വ ദിനത്തിൽ തൊടുപുഴയിൽ നടത്തിയ സ്മൃതി സംഗമവും സർവ്വ മതപ്രാർത്ഥനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്കെതിരായ സമരത്തിൽ കേരളവും തുല്യ പങ്കാളിത്തം വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രൊഫ എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരമംഗലം എം.കെ.എൻ.എം. എച്ച് എസ്. സ്‌കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. സർവ്വമത പ്രാർത്ഥനയിൽ രേവതി പി.എസ്. ഭഗവത്ഗീതയും മൗലവി അബ്ദുൾ റഹിം ഖുറാൻ പാരായണവും പ്രൊഫ. ഷീലാ സ്റ്റീഫൻ ബൈബിൾ വായനയും നടത്തി.