കട്ടപ്പന: സഞ്ചാരയോഗ്യമല്ലാതെ കിടന്ന കട്ടപ്പന- മാർക്കറ്റ് ജംഗ്ഷൻ- വട്ടുകുന്നേൽപ്പടി- കുന്തളംപാറ റോഡിന്റെ അറ്റകുറ്റപണി ആരംഭിച്ചതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചതിൻ പ്രകാരം 15 ലക്ഷം രൂപാ അനുവദിച്ചു. പൊതുമരാമത് വകുപ്പ് മുഖേന ടെൻഡർ നടപടികൾ പൂർത്തിയാക്കിയാണ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. 30 ദിവസത്തിനകം പൂർത്തീകരിക്കും. പ്രളയത്തെ തുടർന്ന് സഞ്ചാരയോഗ്യമല്ലാതായി തീർന്ന നിയോജകമണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളുടെയും നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളതായും സമയബന്ധിതമായി നവീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും എം.എൽ.എ പറഞ്ഞു.