ചെറുതോണി: ജില്ലാ സ്ഥാന മേഖലകളായ വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം പഞ്ചായത്തുകളിൽ വ്യാജമദ്യ വിൽപ്പനയും നിർമ്മാണവും വ്യാപകമായിട്ടും പൊലീസ്, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന് ആഷേപം. ജില്ലാസ്ഥാനത്തോട് ചേർന്നുകിടക്കുന്ന വനമേഖലകളിലാണ് വ്യാജമദ്യം വ്യാപകമായി നിർമ്മിക്കുന്നത്. ചാരായം നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ തലച്ചുമടായി വനത്തിലെത്തിച്ച ശേഷം വെള്ളവും വിറകും ലഭിക്കുന്നസ്ഥലത്ത് തമ്പടിച്ച് ചാരായം വാറ്റുകയാണ് പതിവ്. ഇത്തരത്തിൽ നിർമ്മിക്കുന്ന ചാരായം ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്തെത്തിച്ചു നൽകും. കളർ ചേർത്ത വ്യാജമദ്യവും ഇവിടെ സുലഭമായി ലഭിക്കുന്നുണ്ട്. ഒരേ മദ്യം തന്നെ പല കമ്പനികളുടെ ലേബലോട്ടിച്ചാണ് വിദേശമദ്യമെന്ന പേരിൽ വിൽക്കുന്നത്. ഇതും മൊത്തമായി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ്. രാത്രി സമയങ്ങളിലെത്തിക്കുന്ന മദ്യം റോഡു പുറമ്പോക്കിലും പുഴയുടെ സൈഡിലുമൊക്കെ ഒളിപ്പിച്ചശേഷം ആവശ്യാനുസരണം വിൽപ്പന നടത്തുകയാണ്. 200 രൂപയ്ക്ക് ലഭിക്കുന്ന അരലിറ്റർ വ്യാജമദ്യം അഞ്ഞൂറും അറുന്നൂറും രൂപ വാങ്ങിയാണ് വിൽക്കുന്നത്. സ്ഥിരമായി വ്യാജമദ്യം കഴിക്കുന്നവരുടെ കാഴ്ചശക്തി കുറയുന്നതായും മറ്റു രോഗങ്ങൾ പിടിപ്പെടുന്നതായും പറയപ്പെടുന്നു. വ്യാജമദ്യം കഴിക്കുന്നവർ പെട്ടെന്നുതന്നെ പൂസ്സാകുന്നതിനാൽ വ്യാജമദ്യമാണ് തൊഴിലാളികൾ കൂടുതലും കഴിക്കുന്നത്. മണിയാറൻകുടി, പെരുങ്കാല, വാഴത്തോപ്പ്, നാരകക്കാനം, ഡബിൾകട്ടിംഗ്, ചേലച്ചുവട്, കീരിത്തോട്, കഞ്ഞിക്കുഴി, പഴയരിക്കണ്ടം, വെൺമണി മേഖലകളിലാണ് വ്യാജമദ്യ വിൽപ്പന കൂടുതലായി നടക്കുന്നത്. നരകക്കാനം കേന്ദ്രമായി അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങളിലും വാഹനങ്ങളിലും ബാറിന് സമാനമായി മദ്യം വിളമ്പുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഏതുസമയത്തും ഇവിടെ ആവശ്യാനുസരണം മദ്യം ലഭിക്കും. ഉദ്യോഗസ്ഥരുടെ അറിവോടെയാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ നടപടിയെടുത്തില്ലെങ്കിൽ സ്ത്രീകളടക്കമുള്ളവരുടെ നേതൃത്വത്തിൽ നാട്ടുകാർ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.

ഇടുക്കിയിലെ വാറ്റിന് ഡിമാൻഡ്

ഇടുക്കിയിലെ വാറ്റുചാരായത്തിന് കോട്ടയം, എറണാകുളം ജില്ലകളിൽ വലിയ ഡിമാന്റാണ്. അതിനാൽ കന്നാസുകളിൽ നിറച്ച ചാരായം വാഹനങ്ങളിൽ മറ്റ് ജില്ലകളിലുമെത്തിച്ചു നൽകുന്നുണ്ട്. കാര്യമായ പരിശോധനകളില്ലാത്തതിനാൽ സുഖമായി ഇവ കടത്താനാകുന്നുണ്ട്.