ibr

തൊടുപുഴ: കളമശേരി സീറ്റിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും കേസുകളുള്ള എം.എൽ.എമാരെ മാറ്റി നിറുത്തുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. വിജയസാധ്യതയ്ക്കാണ് മുഖ്യ പരിഗണന. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ മുസ്ലിം ലീഗിനുണ്ടാകില്ല. യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം സംബന്ധിച്ച് പാർട്ടി ആലോചിച്ച് തീരുമാനിക്കും. യു.ഡി.എഫിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കാൻ എല്ലാ കക്ഷികൾക്കും അവകാശമുണ്ട്. വെൽഫയർ പാർട്ടിയുമായുള്ള ബന്ധത്തിൽ ലീഗിന് മാത്രമായി നിലപാടില്ല. യു.ഡി.എഫ് എടുക്കുന്ന നിലപാടാണ് ലീഗിനുള്ളത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കിയ പാർട്ടിയാണ് സി.പി.എം. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിച്ച് വടക്കേ ഇന്ത്യയിൽ നേട്ടമുണ്ടാക്കിയ ബി.ജെ.പിയുടെ തന്ത്രമാണ് സി.പി.എം ഇവിടെ പരീക്ഷിക്കുന്നതെന്നും മജീദ് തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.