തൊടുപുഴ: സംഘപരിവാർ ശക്തികളും അവരുടെ മുഖമായ ബി.ജെ.പിയും രാജ്യത്തിന്റെ മതേതരത്വവും ഐക്യവും തകർക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. എ.ഐ.വൈ.എഫ് തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങല്ലൂരിൽ മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യം ഉയർത്തി നടന്ന രക്തസാക്ഷ്യം കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ബ്രാഹ്മണ മേധാവിത്വം തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത്. അതിനായി രാഷ്ട്രീയം മതാതിഷ്ഠിതമാക്കാനുള്ള സംഘടിത ശ്രമമാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിറുത്താനുള്ള ഗൂഢശ്രമമാണ് ആർ.എസ്.എസിന്റെ ആശിർവാദത്തോടെ ബി.ജെ.പി നടത്തുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനോ പരിഹരിക്കാനോ ഇവർ ശ്രമിക്കുന്നില്ല. മറിച്ച് രാമന്റെയും കൃഷ്ണന്റെയും പേരിൽ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മതഭ്രാന്തിലേക്ക് ജനങ്ങളെ തള്ളിവിട്ട് പാവപ്പെട്ട ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഗാന്ധിജിയെ തമസ്‌കരിച്ച് ഗോഡ്‌സെയെ വീര പുരുഷനാക്കാനുള്ള ശ്രമവും രാജ്യത്തിന് ആപത്താണ്. പച്ചകള്ളങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സംഘപരിവാർ ശക്തികൾ സ്വീകരിക്കുന്നത്. ഇന്ത്യൻ കാർഷിക മേഖലയെ മരുഭൂമിയാക്കി മാറ്റുന്ന കിരിനിയമങ്ങളാണ് കാർഷിക
നിയമത്തിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഭാരതത്തിലെ രണ്ടാം സ്വാതന്ത്ര്യ സമരമായി മാറിയിരിക്കുന്ന കർഷക സമരത്തിൽ നുഴഞ്ഞ് കയറി സമരം ശിഥിലമാക്കാനുള്ള ശ്രമമാണ് അമിത്ഷായുടെ തിരക്കഥയിൽ ആർ.എസ്.എസ് നടത്തിയതെന്നും കെ.കെ. ശിവരാമൻ പറഞ്ഞു.