തൊടുപുഴ: കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ ഗാന്ധിസ്മൃതി യാത്രയ്ക്കിടെ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിൽതല്ലി. കുന്നത്ത് ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുന്നത്തു നിന്ന് മങ്ങാട്ടുകവലയിലേക്ക് സ്മൃതിയാത്ര നടത്താനായിരുന്നു തീരുമാനം. പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മറ്റ് മേഖലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ കുന്നം മേഖലയിലുള്ള പ്രവർത്തകരെ പരിപാടി അറിയിച്ചില്ലെന്ന് ആരോപിച്ച് പ്രദേശവാസികളായ കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകർ രംഗത്തെത്തി. തുടർന്ന് തൊട്ടടുത്ത ടൗണായ പട്ടയംകവലയിൽ നിന്ന് സ്മൃതി യാത്ര ആരംഭിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ കുന്നം മേഖലയിലുള്ളവർ പങ്കെടുത്തില്ലെങ്കിലും പരിപാടി നടത്തുമെന്ന് ചിലർ പറഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. കൂട്ടയടിയിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റു. പിന്നീട് പട്ടയംകവലയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. എന്നാൽ സംഭവം ഗ്രൂപ്പു തിരിഞ്ഞുള്ള സംഘർഷം അല്ലെന്നും കുന്നത്തുള്ള ഏതാനും പ്രവർത്തകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മാത്രമായിരുന്നെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. നഗരസഭ തിരഞ്ഞെടുപ്പിൽ കുന്നം കാരൂപ്പാറ വാർഡിൽ നിന്ന് കോൺഗ്രസ് വിമതൻ വിജയിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് ഇതെന്നും പറയപ്പെടുന്നു.