ചെറുതോണി: ഇടുക്കി എക്‌സ് സർവീസ് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആന്റ് പോളിക്ലിനിക്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിമുക്തഭടന്മാരുടെയും മുമ്പ് വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകളുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് 2013 ൽ ആരംഭിച്ച ഇടുക്കി എക്‌സ് സർവ്വീസ് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആന്റ് പോളിക്ലിനിക്ക് പൊതുമരാമത്ത് വകുപ്പിന്റെ താത്കാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ ആശുപത്രിയുടെ അസൗകര്യങ്ങൾ ബോധ്യപ്പെട്ട കേന്ദ്ര പ്രതിരോധ വകുപ്പ് ഒന്നര കോടി രൂപ അനുവദിക്കുകയും ജില്ലാ പഞ്ചായത്ത് നൽകിയ 30 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ചു നൽകുകയും ചെയ്തു. പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പുസ്വാമി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.