waste
കാഞ്ഞാർ പച്ചത്തുരുത്തിന് സമീപത്തെ എം.വി.ഐ.പി ഭൂമിയിലെ മാലിന്യ നിക്ഷേപം

 കാഞ്ഞാർ ഭാഗത്ത് വൻ തോതിൽ മാലിന്യനിക്ഷേപം

തൊടുപുഴ: ശുചിത്വ പദവിയൊക്കെ പ്രഖ്യാപിച്ചെങ്കിലും കാഞ്ഞാറിൽ മലങ്കര ജലാശയത്തിന്റെ തീരത്ത് വൻ തോതിൽ മാലിന്യനിക്ഷേപം. ഹരിതകേരളത്തിന്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചത്തുരുത്തുകളിലൊന്നായി പുരസ്‌കാരം നേടിയ കാഞ്ഞാർ പച്ചത്തുരുത്തിനോട് ചേർന്നാണ് നിരവധിയായ പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷ്യമാലിന്യങ്ങളുൾപ്പടെ ചീഞ്ഞളിഞ്ഞ നിലയിൽ കുന്നുകൂട്ടിയിരിക്കുന്നത്. ഡയപ്പറുകളും മരുന്നുകളും മനുഷ്യവിസർജ്യവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. മാലിന്യത്തിന്റെയൊരു ഭാഗം ജലാശയത്തിലേയ്ക്ക് കലരുന്ന നിലയിലാണ്. മാലിന്യം നിറച്ച ചാക്ക്‌ കെട്ടുകൾ ജലാശയത്തിനുമുകളിൽ പൊങ്ങിക്കിടക്കുന്നതും കാണാം. ഇവിടെ സമീപത്താണ് വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ നാനാപ്രദേശത്തെ ആളുകൾ കുടിക്കുന്നതും ഈ വെള്ളം തന്നെ.

മണ്ണുമാന്തി കൊണ്ടുവന്ന് കുഴിച്ചാണ് മാലിന്യ നിക്ഷേപം നടത്തുന്നതെന്ന് സമീപവാസികൾ പറയുന്നു. മിക്ക ദിവസവും കത്തിക്കുന്നുമുണ്ട്. കുടയത്തൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന സ്ഥലത്താണ് വൻ മാലിന്യ നിക്ഷേപം നടത്തിയിരിക്കുന്നത്.

രണ്ട് ലക്ഷം രൂപ പിഴയും കഠിനതടവും

പരസ്യമായി ജലാശയങ്ങളിലും മറ്റും മാലിന്യനിക്ഷേപം നടത്തുന്നതും കത്തിക്കുന്നതും വിവിധ നിയമങ്ങൾ പ്രകാരം രണ്ടു ലക്ഷം രൂപ പിഴയും ആറുമാസം കഠിനതടവും ലഭിക്കാവുന്ന കുറ്റമാണ്. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന പുകയിലടങ്ങിയ ഡയോക്‌സിൻ കാൻസറിന് നേരിട്ട് കാരണമാകുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടേതുൾപ്പടെ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. എന്നിട്ടും പരസ്യമായി ആളുകൾ പ്ലാസ്റ്റിക് കത്തിക്കുകയാണ്.

തിരഞ്ഞെടുപ്പിന്റെ മറവിൽ

മുൻഭരണസമിതി പച്ചത്തുരുത്തിനായി നിശ്ചയിച്ച എം.വി.ഐ.പി ഭൂമിയിലാണ് ഈ നിയമലംഘനം നടക്കുന്നത്. പരസ്യമായ മാലിന്യനിക്ഷേപം ഇല്ലെന്ന് ഉറപ്പാക്കിയ പഞ്ചായത്തുകളെയാണ് സർക്കാർ ശുചിത്വപദവി നൽകി ആദരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പും പുതിയ ഭരണസമിതി മാറ്റവുമൊക്കെയുള്ള സാഹചര്യം മുതലാക്കിയാണ് സാമൂഹിക വിരുദ്ധർ പലയിടത്തും മാലിന്യങ്ങൾ പ്ലാസ്റ്റിക്കിൽ കൂച്ചിക്കെട്ടി വലിച്ചെറിയുന്നത്.