മൂലമറ്റം പെറ്റാർക്കിന്റെ പുതിയ കെട്ടിട സമുച്ചയത്തിന് മന്ത്രി തറക്കല്ലിട്ടു
ഇടുക്കി: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാന സർക്കാരെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. മൂലമറ്റം പെറ്റാർക്കിനായി പണിയുന്ന നവീന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിലേറുമ്പോൾ നൽകിയ വാഗ്ദാനങ്ങളായ സമ്പൂർണ വൈദ്യുതീകരണം, പവർ കട്ട്, ലോഡ് ഷെഡിംഗ് എന്നിവയിൽ പൂർണമായും നീതി പാലിക്കാനായി. ഇക്കാലയളവിൽ സംസ്ഥാനത്തുണ്ടായ വിവിധ ദുരന്തങ്ങളെ അതിജീവിച്ചാണ് വാഗ്ദാനം പാലിക്കാനായതെന്ന് വലിയ നേട്ടമാണ്. പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വൈദ്യുതി വകുപ്പിൽ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്. ഇവയെ തരണം ചെയ്തും ജനങ്ങളോട് നൽകിയ വാഗ്ദാനം യാഥാർഥ്യമാക്കാനായി. ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയത്തെക്കുറിച്ചുള്ള പഠനങ്ങൾ അതിവേഗം മുന്നോട്ട് പോകുകയാണ്. ഇത് യാഥാർത്ഥ്യമാകുമ്പോൾ വൈദ്യുതി രംഗത്ത് വൻ കുതിച്ച് ചാട്ടമാകും ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. ബോർഡിലെ ഉദ്യോഗസ്ഥന്മാരുടെ കർമ്മശേഷിയും പ്രവർത്തന നൈപുണ്യവും ഉയർത്തുന്നതിനായി പരിശീലനം നൽകുന്നതിനാണ് ഇലക്ട്രിസിറ്റി ബോർഡ് മൂലമറ്റത്ത് പെറ്റാർക്ക് സ്ഥാപിച്ചത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടിയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനമാണെന്ന പ്രത്യേകതയുമുണ്ട് ഇതിന്. നിലവിൽ മൂലമറ്റത്തെ കെ.എസ്.ഇ.ബി ആസ്ഥാനത്തിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കാലാനുസൃതമായ വികസനത്തിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ബോർഡിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതിയ കെട്ടിടസമുച്ചയം പണികഴിപ്പിക്കുന്നത്. മൂലമറ്റം എച്ച്.ആർ.സി. ഹാളിൽ നടന്ന നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം സ്‌നേഹൻ, അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം സുശീല ഗോപി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇമ്മാനുവൽ ചെറുവള്ളാത്ത്, ആർ. തുളസീധരൻ, ടോമി നാട്ടുനിലം, ജോസ്‌കുട്ടി തുടിയംപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു. ജനറേഷൻ ആൻഡ് പി.ഇ.ഡി ചീഫ് എൻജിനീയർ സിജി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനീയർ കെ.എൻ. കലാധരൻ സ്വാഗതവും പെറ്റാർക്ക് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബി. പ്രദീപ് നന്ദിയും പറഞ്ഞു.