മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ക്യൂ ആർ കോഡ് ആപ്പുമായി ബന്ധപ്പെട്ട് കോഡ് 4 മൂന്നാർ ഹാക്കത്തോണിന് തുടക്കമായി. മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ചിട്ടുള്ള ഹാക്കത്തോണിന്റെ ഉദ്ഘാടനം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി നിർവ്വഹിച്ചു. മൂന്നാറിന്റെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികളും സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദർശകർക്ക് ആപ്പ് വഴി ലഭ്യമാക്കുന്നതാണ് ക്യൂ ആർ കോഡ് ആപ്പ് പദ്ധതി. ഈ വെബ്‌സൈറ്റിലേക്ക് നയിക്കുന്ന ക്യൂ ആർ കോഡുകൾ പതിച്ച സ്റ്റിക്കറുകൾ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ച് സഞ്ചാരികൾക്ക് ലഭ്യമാക്കാൻ അവസരമൊരുക്കും. ആപ്പിന്റെ പൂർത്തീകരണത്തിലേക്കുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നാറിനെ വിവിധ മേഖലകളായി തിരിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെബ്‌സൈറ്റുൾപ്പെടെ നിർമ്മിക്കുന്ന സാങ്കേതിക പ്രവർത്തനമാണ് കോഡ് 4 മൂന്നാർ ഹാക്കത്തോണിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ ഏകീകരണത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് ക്യൂആർ കോഡ് ആപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുമ്പോട്ട് പോകുന്നത്. ഹാക്കത്തോണിന് മന്നോടിയായി മൂന്നാർ എൻജിനിയറിംഗ് കോളേജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ദേവികുളം സബ്കളക്ടർ പ്രേം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ആപ്പ് ഉപയോഗ പരിധിയിലേക്കെത്തുമെന്ന പ്രതീക്ഷ സബ് കളക്ടർ പങ്കുവച്ചു. വിബ്‌ജിയോർ പ്രോജക്ട് കോ-ഓർഡിനേറ്റർ ക്ലയർ സി ജോൺ, കോഡ് 4 മൂന്നാർ ടെക്‌നിക്കൽ കോർഡിനേറ്റർ നദീം എം, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ. അജിത്ത് കുമാർ, ദേവികുളം തഹസീൽദാർ ജിജി കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.