mani
അടിമാലി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവ്വഹിക്കുന്നു

അടിമാലി: കെ ഫോൺ പദ്ധതി നടപ്പിലാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അടിമാലി ഇലക്ട്രിക്കൽ സെക്ഷൻ ആഫീസ് മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി നടപ്പിലാക്കണമെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി ഒരു വിഭാഗം മാത്രം അനുഭവിച്ചാൽ പോര, എല്ലാ വിഭാഗത്തിനും എല്ലാ വീടുകളിലും ലഭിക്കുകയെന്നതാണ് കെ ഫോണിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതി സൗജന്യമായി ലഭ്യമാക്കും. ബാക്കിയുള്ളവർക്ക് മിനിമം നിരക്കിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാർ വേണ്ടെന്ന് വച്ച പള്ളിവാസൽ എക്‌സ്റ്റൻഷൻ പദ്ധതിയുടെ ഉൾപ്പെടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. വൈദ്യുതി വിതരണ രംഗം കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പരമാവധി വാഹനങ്ങൾ ഇലക്ട്രിക്കൽ വാഹനമാക്കണമെന്ന ലക്ഷ്യം സർക്കാരിനും വൈദ്യുതി വകുപ്പിനുമുണ്ടെന്നും മന്ത്രി പറഞ്ഞു. അടിമാലി 110 കെവി സബ്‌സ്റ്റേഷൻ അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയിലേക്കടക്കം വൈദ്യുതി എത്തിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് എം.എൽ.എ പറഞ്ഞു. അടിമാലി പഞ്ചായത്ത് പൂർണമായും വെള്ളത്തൂവൽ, പള്ളിവാസൽ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും ഉൾക്കൊള്ളുന്ന 150 സ്‌ക്വയർ കിലോമീറ്ററോളം വരുന്ന പ്രദേശമാണ് അടിമാലി സെക്ഷന് കീഴിൽ വരുന്നത്.പരിമിതമായ സൗകര്യത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ച് വന്നിരുന്ന ആഫീസിനാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. 225.4 സ്‌ക്വയർ മീറ്റർ വിസ്തീർണമുള്ള സെക്ഷൻ ആഫീസ് കെട്ടിട നിർമ്മാണത്തിനാണ് ലക്ഷ്യം വച്ചിട്ടുള്ളത്. ചടങ്ങിൽ ഡിസ്ട്രിബ്യൂഷൻ സെൻട്രൽ എറണാകുളം ചീഫ് എൻജിനിയർ ജയിംസ് എം ഡേവിസ്, എറണാകുളം ഇലക്ട്രിക്കൽ സെൻട്രൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ മനോജ് ഡി, അടിമാലി ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഡാലിയ ശ്രീധർ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് തുടങ്ങിയവർ പങ്കെടുത്തു.