ഇടുക്കി: ജില്ലയിലെ അഞ്ച് വയസിൽ താഴെ പ്രായമുള്ള 68621 കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 1039 വാക്‌സിനേഷൻ ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകി. ജില്ലയിലാകെ അഞ്ച് വയസിൽ താഴെയുള്ള 70811 കുട്ടികളാണുള്ളത്. ഇതിൽ 96.9% കുട്ടികളാണ് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് സ്വീകരിച്ചത്. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികൾ, തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ ഉപകേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ, അംഗൻവാടികൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലൂടെയാണ് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ പോളിയോ തുള്ളിമരുന്ന് നൽകിയത്. കൊവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികൾക്ക് അവരുടെ ക്വാറന്റൈൻ പീരീഡ് കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. പരിശീലനം ലഭിച്ച ആരോഗ്യ വകുപ്പ് ജീവനക്കാർ ആശാവർക്കർമാർ അംഗനവാടി പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ ആരോഗ്യസേന പ്രവർത്തകർ എന്നിവർ ഉൾപ്പെടെ 2219 ബൂത്തുതല വാക്‌സിനേറ്റേഴ്‌സിന് കേന്ദ്രങ്ങളിലുണ്ടായിരുന്നു. പഞ്ചായത്ത് ബ്ലോക്ക് ജില്ല തലങ്ങളിലെ പരിപാടികളുടെ മേൽനോട്ടത്തിനായി 175 സൂപ്പർവൈസർമാരെയും നിയമിച്ചിരുന്നു. കൂടാതെ സംസ്ഥാന നിരീക്ഷകരും ഇതിന്റെ മികവുറ്റ നടത്തിപ്പിനായി ജില്ലയിൽ എത്തിയിരുന്നു.
കൊവിഡ് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ പോളിയോയിൽ നിന്ന് സംരക്ഷിക്കാൻ നടത്തുന്ന പൾസ് പോളിയോ യജ്ഞം പൂർണ വിജയമാക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ.
വാഴത്തോപ്പ് കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ മുഖ്യ പ്രഭാഷണവും ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൻ. പ്രിയ വിഷയാവതരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ, ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആൻസി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർ സെലിൻ വി.എം, ആർ.സി.എച്ച് ആഫീസർ ഡോ. സുരേഷ് വർഗീസ്, ഡി.പി.എം ഡോ. സുജിത് സുകുമാരൻ, ജില്ലാ മാസ് മീഡിയ ആഫീസർ ആർ. അനിൽകുമാർ, വാഴത്തോപ്പ് മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ്ജ് എന്നിവർ സംസാരിച്ചു.