മുട്ടം: നബാഡിന്റെ സഹായത്തോടെ മുട്ടം,​ കരിങ്കുന്നം,​ കുടയത്തൂർ പഞ്ചായത്തുകളിൽ സമ്പൂർണ കുടിവെള്ള പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. മുമ്പ് മുടങ്ങിയ എൻ.ആർ.ഡി.ഡബ്ല്യു.പി പദ്ധതി വിപുലപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. നബാർഡിന്റെ സാമ്പത്തിക സഹായത്തിനായി കേരളത്തിൽ നിന്ന് നിർദ്ദേശിച്ചിരിക്കുന്ന ഏക പദ്ധതി മുട്ടം- കരിങ്കുന്നം- കുടയത്തൂർ സമ്പൂർണ കുടിവെള്ള പദ്ധതി മാത്രമാണെന്നും എം.പി പറഞ്ഞു. മുട്ടം പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് മുട്ടം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് എം.പി ഇക്കാര്യം അറിയിച്ചത്. മുട്ടത്തെ വാൽവ് ഓപ്പറേറ്ററെ മാറ്റി നിയമിക്കാനും പുതിയ മോട്ടർ വാങ്ങുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. പമ്പ് ഹൗസിന് സമീപത്തെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനും ശുചീകരണ പ്ലാന്റിൽ മാലിന്യം വീഴാതിരിക്കാൻ വല കെട്ടുന്നതിനും സാമ്പത്തിക തടസമുണ്ടെന്ന് ജല വകുപ്പ് അധികൃതർ യോഗത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ ജലവകുപ്പ് എ.എക്സി ജോർജ്കുട്ടി, എ.ഇ. നവീൻ, വൈദ്യുതി വകുപ്പ് എ.ഇ. വിജയൻ, ഓവർസിയർ ജയൻ, എം.വി.ഐ.പി എ.ഇ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.