ചെറുതോണി: പതിനാറാംകണ്ടം ദക്ഷിണകൈലാസം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞാചാര്യൻ ഭാഗവത സപ്തമ നീലംപേരൂർ പുരുഷോത്തമദാസിന്റെ നേതൃത്വത്തിലാണ് സപ്താഹയജ്ഞം നടക്കുന്നത് . ഇന്നലെ വൈകിട്ടോടെ ആരംഭിച്ച യജ്ഞം ഏഴിന് സമാപിക്കും. ഒന്നാം ദിവസമായ ഇന്ന് വരാഹാവതാരം,​ രണ്ടിന് വാമനാവതാരം,​ മൂന്നിന് ഉണ്ണിയൂട്ട്,​ നാലിന് കാളിയമർദ്ദനം,​ ഗോവിന്ദപട്ടാഭിഷേകം,​ കംസവധം ഗുരുദക്ഷിണ എന്നിവയും നടക്കും. അഞ്ചിന് രുഗ്മിണീസ്വയംവരം ആണ് പ്രധാന ചടങ്ങ്. ആറിന് കുചേലഗതി,​ തീർത്ഥയാത്ര,​ സന്താനഗോപാലം എന്നിവയും ഏഴിന് സ്വർഗാരോഹണവും ഭാഗവത സംഗ്രഹപാരായണവും നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ എണ്ണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയും പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് സപ്താഹം നടക്കുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് മോഹനൻ മണ്ണൂർ,​ സെക്രട്ടറി വിനോദ് കാട്ടൂർ,​ രക്ഷാധികാരി പി.കെ. സോമൻ പരപ്പുങ്കൽ എന്നിവർ അറിയിച്ചു.