bijin
ബിജിൽ

ചെറുതോണി : മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ബിജിൽ ജോൺ ബെൻസി രാവിലെ ഉണർന്നു പുറത്തേയ്ക്കിറങ്ങിയാൽ ആദ്യം കാണുന്നത് ഇടുക്കി ആർച്ച് ഡാം. 2018-ൽ
ഡാമിന്റെ ഷട്ടറുകൾ തുറന്നതു മൂലമുണ്ടായ പ്രളയവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും മറ്റും നേരിട്ടു കണ്ടപ്പോഴാണ് ജല സംഭരണികൾ നിമിത്തമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ജലസംഭരണികളുടെ സംഭരണ ശേഷിയെക്കുറിച്ചും ചെളി അടിയുന്നതുമൂലം സംഭരണശേഷി കുറയുന്നതിനാൽ കാലവർഷത്തിൽ ഡാമുകൾ പെട്ടെന്നു നിറയുന്നതിനെക്കുറിച്ചുമെല്ലാം അദ്ധ്യാപകരിൽ നിന്നും മുതിർന്നവരിൽ അന്വേഷിച്ചറിഞ്ഞു. ഈ അവസ്ഥയ്ക്കു പരിഹാരമായി ഡാമുകളിലെ ചെളിയും മണലും നീക്കം ചെയ്യുന്നതിന് പുതിയ മാർഗം കണ്ടെത്തി അവതരിപ്പിച്ച ഈ കൊച്ചു മിടുക്കന്റെ പ്രൊജക്ട് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രൊജക്ടുകളിൽ ഇടം പിടിച്ചു. ഇടുക്കി ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിയാണ് ബിജിൽ. ഇടുക്കിക്കാരുടെ ഡാമിനെ ചുറ്റിപ്പറ്റിയുള്ള ഭയാശങ്കകൾ കണ്ടും കേട്ടും വളർന്ന കുട്ടി ശാസ്ത്രജ്ഞൻ തന്റെ കണ്ടെത്തൽ അധികാരികൾ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നു. മത്സരത്തിന്റെ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ബിജിൽ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ശാസ്ത്ര മേഖലയിലെ നൂതനാശയത്തിനുള്ള ഇൻസ്പയർ അവാർഡിനും ഈ കൊച്ചു മിടുക്കൻ അർഹനായി. സ്‌കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപിക ആൻസി തോമസാണ് ബിജിലിന്റെ വഴി കാട്ടി. ഇടുക്കി അരീക്കുഴിയിൽ ബെൻസി ജോണിന്റെയും ജിജി ബെൻസിയുടെയും മകനാണ് ഈ മിടുക്കൻ.