തൊടുപുഴ: തരിശു നിലങ്ങൾ പുരയിടമാക്കി മാറ്റാൻ സർക്കാർ പ്രത്യേക ഉത്തരവു ഇറക്കിയെങ്കിലും ജില്ലയിൽ നൂറ് കണക്കിന് അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. നിശ്ചിത ഫീസടച്ച് വീടു വയ്ക്കുന്നതിനും മറ്റുമായി തരിശുനിലം പുരയിടമാക്കി പരിവർത്തനം ചെയ്യുന്നതിനുമുള്ള അപേക്ഷകളാണ് ആർ.ഡി.ഒ ആഫീസുകളിൽ കെട്ടിക്കിടക്കുന്നത്. വീടു നിർമാണത്തിനും മറ്റുമായി അപേക്ഷ നൽകിയിരിക്കുന്നവർ ഏറെ വർഷങ്ങളായി കാത്തിരിക്കേണ്ട അവസ്ഥയിലാണ്. അപേക്ഷകളിൽ തുടർനടപടികൾക്കായി കാല താമസം നേരിടുന്നതിനാൽ സർക്കാരിനു ഫീസിനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടമാകുന്നതും. വീടു നിർമിക്കുന്നതിനും കെട്ടിട നിർമാണത്തിനുമായി നിലം നികത്താനുള്ള അനുമതിയാണ് സർക്കാർ ഉത്തരവിലൂടെ നൽകിയിരിക്കുന്നത്. ജില്ലയിൽ ഇപ്പോൾ മൂന്നൂറിലധികം അപേക്ഷകൾ ഇത്തരത്തിൽ തീർപ്പാകാതെ ആർ.ഡി.ഒ ആഫീസിൽ കെട്ടിക്കിടക്കുകയാണ്. ഈ അപേക്ഷകളിൽ ആവശ്യമായ പരിശോധനകൾ നടത്തിയാൽ സർക്കാരിലേക്ക് ഫീസിനത്തിൽ തന്നെ ലക്ഷങ്ങൾ ലഭിക്കും. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നടപടിക്രമങ്ങൾ വൈകുന്നതു മൂലം സർക്കാരിനു ഫീസിനത്തിൽ ലഭിക്കുന്ന ഭീമമായ തുക ലഭിക്കുന്നില്ലെന്നു മാത്രമല്ല വീടു വയ്ക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി തരിശുനിലങ്ങൾ നികത്താനായുള്ളവരുടെ കാത്തിരിപ്പും അനന്തമായി നീളുകയാണ്.

അനുമതി ഡാറ്റാ ബാങ്കിലുള്ള ഭൂമികൾക്ക്

2008ന് മുമ്പ് ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ പുരയിടമായി പരിവർത്തനപ്പെടുത്തിയിട്ടില്ലാത്തതുമായ നിലം, നികത്തി കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള അനുമതിയാണ് ആർ.ഡി.ഒ ആഫീസിൽ നിന്ന് നൽകുന്നത്. ഇത്തരം ഭൂമി പുരയിടമായി മാറ്റിയ ഔദ്യോഗിക രേഖയാണ് ഉടമയ്ക്ക് ലഭിക്കുന്നത്. ഇതോടെ തടസങ്ങളില്ലാതെ ഇവിടം നികത്തി കെട്ടിട നിർമാണവും മറ്റും നടത്താനാവും. ഇതിനായി ആർ.ഡി.ഒ ആഫീസിലാണ് അപേക്ഷ നൽകേണ്ടത്. ആർ.ഡി.ഒ ഈ അപേക്ഷകൾ ആവശ്യമായ പരിശോധനകൾ നടത്തി റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് വില്ലേജ്, കൃഷി ഓഫീസുകൾക്ക് കൈമാറും. ഇവർ പരിശോധിച്ച് ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കും. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തരിശുഭൂമി നില നിൽക്കുന്ന പ്രദേശത്തെ മതിപ്പു വിലയെ അടിസ്ഥാനമാക്കിയാണ് ഫീസ് നിശ്ചയിക്കുന്നത്. മുനിസിപ്പൽ ഏരിയ ആണെങ്കിൽ നിലവിലുള്ള താരിഫ് വിലയുടെ 20 ശതമാനവും പഞ്ചായത്തുകളിൽ 10 ശതമാനവും ഫീസായി അടയ്ക്കണം. ഭൂ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയുടെ ഇരട്ടിയാണ് ഇപ്പോൾ അടിസ്ഥാന മതിപ്പു വിലയായി കണക്കാക്കുന്നത്. ഇതിന്റെ 20, 10 ശതമാനം തുക ഫീസടയ്ക്കണം. നിർമിക്കുന്ന കെട്ടിടം 3000 ചതുരശ്ര അടിക്ക് മുകളിലാണെങ്കിൽ നിരക്കിൽ വ്യത്യാസം വരും.