കണ്ണൂർ: കൊവിഡ് വ്യാപനം കരിനിഴൽ വീഴ്ത്തിയ ഇടവേള പിന്നിട്ട് വനാമി ചെമ്മീൻ കൃഷി വീണ്ടും നിലയുറപ്പിക്കുന്നു. മായം കലർത്തിയ കടൽമീനുകൾക്കു നേരെ ആളുകൾ പുറംതിരിഞ്ഞു തുടങ്ങുമ്പോൾ ജില്ലയിലെ പുഴകളിൽ വനാമി ചെമ്മീനുകളുടെ സമൃദ്ധിയാണിപ്പോൾ.
പിണറായി, ധർമ്മടം പഞ്ചായത്തുകളിലാണ് കൂടുതലായും വനാമി ചെമ്മീൻ കൃഷി വ്യാപകമായിരിക്കുന്നത്. ലക്ഷങ്ങൾ കൊയ്യാനാവുന്ന ഈ കൃഷിയിലേക്ക് സംരംഭകരുടെ വരവ് കൂടുകയാണ്. യുവാക്കളാണ് കൂടുതലും ഈ രംഗത്തെത്തുന്നത്. തായ്വാനിലും മറ്റും വനാമി ചെമ്മീന് രോഗബാധയുടെ ഭീഷണി ഉയർന്നതോടെ കേരളത്തിൽ നിന്നുള്ളവയ്ക്ക് ഡിമാൻഡ് ഏറുകയായിരുന്നു. 'കേരള പ്രോൺ' എന്ന ബ്രാൻഡിലാണ് വനാമിയുടെ വില്പന. നാലു മാസം മുതൽ ആറു മാസം വരെയാണ് ഇവയുടെ വളർച്ചാകാലം. ഒരു ഹെക്ടറിൽ നിന്നു ഏഴു മുതൽ പത്ത് ടൺ വരെ വളർത്തിയെടുക്കാനാകും.
താരതമ്യേന കുറഞ്ഞ അളവിൽ മാംസ്യം അടങ്ങിയ തീറ്റ നൽകി വളർത്താമെന്നതും ഈ ചെമ്മീന്റെ പ്രത്യേകതയാണ്.. ജലകൃഷി വികസനത്തിൽ ഗണ്യമായ സംഭാവന ചെയ്യാൻ സാധിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ വനാമി കൃഷിചെയ്യുന്നതിന് കേന്ദ്ര സർക്കാർ അടുത്തകാലത്ത് ഉപാധികളോടെ അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വനാമികൃഷി ചുരുങ്ങിയ കാലത്തിനിടയിൽ ഏറെ പ്രചാരം നേടി. ആന്ധ്രപ്രദേശിലെ കാരച്ചെമ്മീൻ കൃഷി ഏതാണ്ട് പൂർണമായിത്തന്നെ വനാമി കൃഷിയിലേക്ക് മാറിക്കഴിഞ്ഞു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ലാഭം കിട്ടുന്നതു പോലെ തന്നെ വൈറ്റ് സ്പോട്ട് പോലുള്ള രോഗങ്ങൾ വനാമികൃഷിയ്ക്ക് ഭീഷണിയായുണ്ട്. രോഗം ബാധിച്ചവയെ പെട്ടെന്നു കണ്ടെത്താനാവും. അത്തരം ചെമ്മീൻകുഞ്ഞുങ്ങളെ മാറ്റിയാൽ പടരാനുള്ള സാദ്ധ്യത തടയാം.
മെക്സിക്കോക്കാരൻ,പക്ഷെ കേരളത്തിനിണങ്ങും
മെക്സിക്കോയിൽ നിന്ന് ശാന്തസമുദ്രത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന വനാമി കൊഞ്ചിന്റെ കേരളത്തിലേക്കുള്ള വരവ് മെക്സിക്കോയിൽ നിന്നാണ്. വെള്ളക്കാലൻ കൊഞ്ച് , വെള്ളക്കൊഞ്ച് എന്നൊക്കെ അറിയപ്പെടുന്ന വനാമിയുടെ ശാസ്ത്രീയനാമം 'ലിറ്റോപിനയസ് വനാമി' എന്നാണ്. കേരളത്തിലെ ഓരു ജലാശയങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. വിത്തുകൾ സുലഭം കോസ്റ്റൽ അക്വാ കൾച്ചർ അതോറിറ്റിയുടെ കീഴിയുള്ള ഹാച്ചറികളിലും സ്വകാര്യ ഹാച്ചറികളിലും വനാമി ചെമ്മീൻ വിത്തുകൾ സുലഭമാണ്. 50 പൈസ മുതൽ രണ്ട് രൂപ വരെയാണ് വിത്തിന്റെ വില. ചെറിയ മുതൽമുടക്കിൽ വൻതുക നേടാൻ കഴിയുമെന്നതാണ് വനാമി കൃഷിയുടെ ആകർഷണം.