jail

കണ്ണൂർ: ജയിലിൽ മൊബൈൽ ഫോൺ വിലക്ക് തടവുകാർക്ക് മാത്രമല്ല, ജീവനക്കാരും ഉദ്യോഗസ്ഥരും പുറത്ത് നിന്നു വരുന്ന ഉദ്യോഗസ്ഥരും സന്ദർശകരും ആരും ഇനി മുതൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി ഡി.ജി.പി ഋഷിരാജ് സിംഗ് ഉത്തരവിറക്കി. ജയിലുകളിൽ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഏതെങ്കിലും ജീവനക്കാരൻ വിലക്ക് ലംഘിച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പണി കിട്ടുന്നത് അതത് ജയിൽ സൂപ്രണ്ടുമാർക്കാണ്. സൂപ്രണ്ടുമാർ കർശനമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

ജോലിക്ക് ഹാജരാകുന്ന ജീവനക്കാർ അവരുടെ മൊബൈൽ ഫോണുകൾ ഗേറ്റ് കീപ്പറെ ഏൽപ്പിച്ച് റസീറ്റ് വാങ്ങണമെന്നാണ് നിർദേശം. ജയിലുകൾക്ക് പുറത്ത് ഇതു സംബന്ധിച്ച് നോട്ടീസ് പതിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ജയിലുകളിൽ തടവുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ജയിൽ വകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സംഘം നടത്തിയ പരിശോധനയിൽ നിരവധി മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. ഇതിന് ചില ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണ് തടവുകാർക്ക് മൊബൈൽ ഫോൺ കിട്ടുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തടവുകാരെ കാണാനെത്തുന്ന സന്ദർശകരെയും വിശദമായ പരിശോധനക്ക് വിധേയമാക്കാറുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോൺ കടത്തുന്നതും ജയിൽ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇന്നലെ ജയിൽ സൂപ്രണ്ടുമാർക്ക് അയച്ച ഉത്തരവിലാണ് ഡി.ജി.പിയുടെ അന്ത്യശാസനം.

വിവിധ രാഷ്ട്രീയ അക്രമ കേസുകളിലെ പ്രതികൾ ജയിലിലിരുന്ന് കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സമൂഹമാദ്ധ്യങ്ങളിൽ വൈറലായിരുന്നു. ജയിൽ ജീവനക്കാർ ജയിലുകളിലെ ചില ചിത്രങ്ങൾ മൊബൈൽ ഫോണിലെടുത്ത് മാദ്ധ്യമങ്ങൾക്ക് നൽകുന്നതും ജയിൽ വകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്.